കശ്മീരിന് പ്രത്യേക പദവി: കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള

Update: 2018-09-08 15:47 GMT


ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ ആര്‍ടിക്ള്‍ 35എ, 370 എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള.
സമാനമായ ആവശ്യം ഉന്നയിച്ച്, അടുത്ത മാസം നടക്കുന്ന പഞ്ചായത്ത്, അര്‍ബന്‍ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ഫാറൂഖ് അബ്ദുള്ളയുടെ പാര്‍ടിയായ നാഷണല്‍ കോണ്‍ഫ്രന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വരുന്ന അസംബ്ലി, ലോക്‌സഭാ തിരഞ്ഞെടുപ്പുകളും തന്റെ പാര്‍ടി ബഹിഷ്‌കരിക്കുമെന്ന് ഇന്നലെ ലോക്‌സഭാ എംപിയായ ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കിയിരിക്കുന്നത്.
്‌സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 35എ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടി എടുത്തില്ലെങ്കില്‍ സംസ്ഥാന നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പും 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും വരെ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നാഷണല്‍ കോണ്‍ഫ്രന്‍സ് സ്ഥാപകനും ഫാറൂഖ് അബ്ദുള്ളയുടെ പിതാവുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ 36ാമത് ചരമ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കൈകൊണ്ട് കേന്ദ്രം തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുമ്പോള്‍ മറു കൈ കൊണ്ട് സംസ്ഥാനത്തിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ്. കൂടാതെ, ജമ്മു കശ്മീരിന്റെ ഭരണഘടനയ്ക്ക് നേരെ ആക്രമണവും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന ജഗ്‌മോഹന്‍ നടത്തിയ കാര്യങ്ങള്‍ പറഞ്ഞ് അഭ്യൂഹങ്ങള്‍ പരത്തി ഏജന്‍സികള്‍ സംസ്ഥാനത്തെ പണ്ഡിറ്റുകളെ ഭയപ്പെടുത്തുകയാണ്. ഇത്തരം അഭ്യൂഹങ്ങള്‍ പരഞ്ഞു പരത്തി പണ്ഡിറ്റുകളെ ഭയപ്പെടുത്തിയാല്‍ അവര്‍ സംസ്ഥാനത്ത് നിന്ന് പോകുമെന്നാണ് ഏജന്‍സികള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സംഘര്‍ഷമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.