ഹൃദയമാണ് ബ്ലാസ്‌റ്റേഴ്‌സ്; മുന്‍വിധികള്‍ അരുതേയെന്ന് മഞ്ഞപ്പട

Update: 2018-10-06 17:33 GMT

കൊച്ചി: ''സാര്‍, താങ്കള്‍ വലിച്ചെറിഞ്ഞ ആ ബാനര്‍ ഞങ്ങളുടെ ഹൃദയമാണ്. എത്ര രാപ്പകലുകള്‍ എടുത്താണ് അത് വരച്ചെടുത്തത്. പരാതിയില്ല. കാരണം ഞങ്ങള്‍ക്ക് ഒരു വികാരം മാത്രം ബ്ലാസ്‌റ്റേഴ്‌സ്''. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആദ്യഹോം മാച്ചിനെത്തിയപ്പോള്‍ കയ്യിലെ വലിയ ബാനര്‍ പോലീസുകാരന്‍ വാങ്ങി അകത്ത് കയറ്റാന്‍ പാടില്ലെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞതിന്റെ സങ്കടത്താല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട ആരാധകന്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പാണിത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉറങ്ങിക്കിടന്ന മലയാളിയുടെ ഫുട്‌ബോള്‍ ജ്വരത്തെ വീണ്ടും അതിന്റെ പാരമ്യതയിലേക്കുയര്‍ത്തി അവതരിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയും അതിന്റെ ശൈശവത്തിലാണ്. എന്നാല്‍ തങ്ങളുടെ സ്വപ്‌ന ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആര്‍പ്പ് വിളിക്കുമ്പോള്‍ ലോകനിലവാരത്തിലേക്ക് ഉയരും. അതുകൊണ്ട് തന്നെയാണ് ഈ മഞ്ഞക്കടല്‍ ദേശീയമാധ്യമങ്ങളെയും ഐഎസ്എല്‍ ഒഫീഷ്യല്‍സിനെയും അമ്പരപ്പിക്കുന്നത്. ഒരുപക്ഷെ, ബ്ലാസ്‌റ്റേഴ്‌സ് എന്ന ചെറിയ ടീമിനെ വമ്പന്‍മാര്‍ കണ്ണ് വയ്ക്കുന്നതിന് പിന്നിലും ഈ ആരാധകരുടെ പിന്തുണ തന്നെയായിരിക്കും. അഞ്ചാം സീസണില്‍ കപ്പുയര്‍ത്തുമെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ എത്തുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഏറെ പിന്തുണയുമായി മഞ്ഞപ്പടയുണ്ട്. അതുകൊണ്ട് തന്നെ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ കളിക്കാനിറങ്ങുന്ന ടീമുകളുടെ പരിശീലകര്‍ മുന്നറിയിപ്പ് നല്‍കും - സൂക്ഷിക്കണം, ആരാധകപിന്തുണയെ.
കൊച്ചിയില്‍ ഇന്നലെ കളിക്കിറങ്ങിയ മുംബൈ താരങ്ങളും കോച്ചും ഏറെ പ്രശംസിച്ചത് ഇവിടുത്തെ കാണികളെയായിരുന്നു. പ്രളയം തകര്‍ത്തെറിഞ്ഞതിന് ശേഷം ഒരു പക്ഷെ കേരളത്തില്‍ മലയാളികള്‍ സംഗമിച്ച ഒരു വേദി ഉണ്ടാവില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തിനായി എന്തും ചെയ്യാന്‍ സന്നദ്ധത അറിയിച്ച മഞ്ഞപ്പട ഇത്തവണ വലിയ നിരാശയോടെയാണ് എത്തിയത്. എന്നാല്‍ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ കൊമ്പുകുത്തിക്കുന്നത് കണ്ട മഞ്ഞപ്പട തീരുമാനിച്ചു. ഇത്തവണ കപ്പ് നമുക്ക്. അതുകൊണ്ട് തന്നെ കൊച്ചിയിലെ മല്‍സരം സമനിലയില്‍ ആയതു പോലും സഹിക്കാനാവുന്നില്ല ഇവര്‍ക്ക്. കളിയെ പുകഴ്ത്തുന്നതോടൊപ്പം തന്നെ വേണ്ട നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും മഞ്ഞപ്പട പങ്കുവയ്ക്കുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ അപേക്ഷിച്ച് യുവത്വം പ്രസരിക്കുന്ന ടീമായതിനാല്‍ ഇക്കുറി അദ്ഭുതങ്ങള്‍ നടത്താന്‍ ബ്ലസ്‌റ്റേഴ്‌സിന് കഴിയുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
രാജ്യത്തിന്റെ ഏത് കോണില്‍ കളിച്ചാലും ഗാലറിയില്‍ മഞ്ഞപ്പടിയുണ്ടാകുമെന്ന് ഒരു ആരാധകന്റെ കമന്റ്. ഓരോ കളിയും കൂടുതല്‍ മെച്ചപ്പെടുത്തുന്ന രീതിയിലായിരിക്കണം ടീമെന്ന് മറ്റൊരു ആരാധകരന്‍ പറയുന്നു. അങ്ങനെ കപ്പടിച്ച് ആരാധകര്‍ക്ക് നേരെ ഉയര്‍ത്തിക്കാട്ടാന്‍ കൊമ്പന്‍മാര്‍ ഇക്കുറി കലാശപ്പോരാട്ടങ്ങള്‍ സമ്മാനിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞപ്പടയെ ടീം മാനേജ്‌മെന്റും ഗൗരവമായാണ് കാണുന്നത്. ആരാധകരെ മുന്നില്‍ കണ്ടും അവരുടെ ഇഷ്ടങ്ങളെ പരിഗണിച്ചുമാണ് തിരഞ്ഞെടുപ്പിലും ടീം ലൈനപ്പിലുമുളള പ്രവര്‍ത്തനങ്ങള്‍. ടീം മാനേജ്‌മെന്റിനെയും അംഗങ്ങളെയും സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകര്‍ സംവദിക്കുന്നുണ്ട്. അതിനാല്‍ പലതും ചര്‍ച്ച ചെയ്താണ് മുന്നോട്ട് പോകുന്നത്.
അതിനിടെ, കൊച്ചിയിലെ ഗ്രൗണ്ടിലെത്തുന്ന തങ്ങളോട് തലതിരിഞ്ഞ മനോഭാവം പുലര്‍ത്തുന്ന പോലീസ്, സ്വകാര്യ സുരക്ഷാ സുരക്ഷാഭടന്‍മാര്‍ എന്നിവരോടും അപേക്ഷയുണ്ട്. കളി കാണാന്‍ എത്തുമ്പോള്‍ സ്‌റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് മുതല്‍ അകത്ത് കയറുന്നത് വരെ നിരവധി പീഡനങ്ങള്‍ സഹിച്ചാണ് കളി കാണാന്‍ മഞ്ഞപ്പട എത്തുന്നത്. ഏറെ വാഗ്വാദങ്ങള്‍ക്ക് ശേഷമാണ് ഗ്രൗണ്ട് സപ്പോര്‍ട്ടിനായുളള സാമഗ്രികള്‍ അകത്തേക്ക് കയറ്റി കൊണ്ടു പോകുന്നത്. പലതും ഉദ്യോഗസ്ഥര്‍ പിടിച്ച് വാങ്ങി വലിച്ചെറിയും. പിരിവെടുത്തും കഷ്ടപ്പെട്ടുമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അത് ഒരു നിമിഷം കൊണ്ട് വലിച്ചെറിയുന്നവര്‍ അക്കാര്യങ്ങള്‍ മനസിലാക്കണം. കൊച്ചിയിലെ ആദ്യകളിക്കെത്തുമ്പോള്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുമെന്ന പേടിയില്‍ പോലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. കറുത്ത നിറത്തിലുളള സാമഗ്രികള്‍ കയറ്റാന്‍ സമ്മതിച്ചില്ല. എന്നാല്‍ എല്ലാ വര്‍ഷവും അകത്ത്് കയറ്റിയിരുന്നു ''ദൈവത്തിന് മാത്രമേ തങ്ങളെ തടയാന്‍ കഴിയൂ'' എന്ന് എഴുതിയ വലിയ ബാനറില്‍ കറുത്ത നിറം ഉളളതിനാല്‍ പോലീസുകാര്‍ വാങ്ങി വലിച്ചെറിഞ്ഞ് കളഞ്ഞത് ആരാധകരെ ഏറെവിഷമിപ്പിച്ചിരുന്നു. അതുകൊണ്ട് ഇനിയുളള കളി കാണാന്‍ വരുമ്പോഴും ഇങ്ങനെ ചെയ്യരുന്നത്. കാരണം തങ്ങള്‍ക്ക് ജാതിമതരാഷ്ട്രീയമില്ല. ബ്ലാസ്‌റ്റേഴ്‌സ് എന്ന ചിന്ത മാത്രം. മുന്‍വിധികളോടെ തങ്ങളെ കാണരുതെന്നും ഇവര്‍ പറയുന്നു.
Tags:    

Similar News