കൊച്ചിയില്‍ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Update: 2018-09-29 14:36 GMT

കൊച്ചി: എറണാകുളത്ത് 200 കോടിയുടെ ലഹരി മരുന്ന് എക്‌സൈസ് സംഘം പിടികൂടി. 32 കിലോയുടെ എംഡിഎംഎ(മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) എന്ന ലഹരി മരുന്നാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് ഫോഴ്‌സ് പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണ് ഇതെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്. രഞ്ജിത് പറഞ്ഞു.
ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍. നഗരത്തിലെ പാഴ്‌സല്‍ സര്‍വീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. പരിശോധനയില്‍ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകള്‍ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചാണു കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.