മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; ജനാധിപത്യ അവകാശങ്ങളുടെ ചരമഗീതമെന്ന് ചന്ദ്രചൂഢ്

Update: 2018-09-28 13:08 GMT


ന്യൂഡല്‍ഹി: അഞ്ച് പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മഹാരാഷ്ട്ര പോലിസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢ്. ഇത് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടേയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. മഹാരാഷ്ട്ര പോലിസിന്റെ നടപടി രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ചന്ദ്രചൂഢ് കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യം, അന്തസ്സ്, വിയോജിപ്പ് എന്നിവയ്‌ക്കൊപ്പം നില്‍ക്കാന്‍ കോടതിക്ക് സാധിച്ചില്ലെങ്കില്‍ അത് ഈ അവകാശങ്ങളുടെ ചരമഗീതം എഴുതുകയാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരവര റാവു, സുധാ ഭരദ്വജ്, അരുണ്‍ ഫെരേര, വെര്‍നാന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവലാഖ എന്നിവര്‍ക്കെതിരെ പൂനൈ പൊലിസ് ചുമത്തിയ കേസ് അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ്. ഈ കേസില്‍ മഹാരാഷ്ട്ര പൊലിസ് പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പ്രധാനമന്ത്രിയെ കൊലപ്പെടുത്താനുളള പ്ലോട്ട് ഉണ്ടാക്കിയെന്നും അതില്‍ ഈ പ്രതികള്‍ക്ക് പങ്കുണ്ടെന്നും പൊലീസ് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞു. സുധാ ഭരദ്വാജിനെ അറസ്റ്റ് ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ റിപബ്ലിക്ക് ടെലിവിഷന്‍ അവര്‍ക്കെതിരെ നല്‍കിയ വാര്‍ത്തകളെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. സുധാ ഭരദ്വാജുമായി ബന്ധപ്പെട്ട് റിപബ്ലിക്ക് ടെലിവിഷന്‍ പ്രചരിപ്പിച്ച കത്തിന്റെ ആധികാരികത തന്നെ സംശയാസ്പദമാണ്. ഈ സാഹചര്യത്തില്‍ മഹാരഷ്ട്ര പൊലീസിന്റെ അന്വേഷണം നീതിയുക്തമായി നടത്താനാകുമെന്ന് തോന്നുന്നില്ലെന്നും ചന്ദ്രചൂഢ് പറഞ്ഞു.
ഭീമാ കൊറേഗാവ് കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് എഴുത്തുകാരിയും അധ്യാപികയുമായ റൊമീലാ ഥാപ്പര്‍ ഉള്‍പ്പെടയുള്ളവരാണ് കോടതിയെ സമീപിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ആ വ്യക്തികളുടെ അന്തസ്സിന് മേലുളള അതിക്രമിച്ചുളള കടന്നുകയറ്റമാണ്.ഇത് പ്രത്യേക അന്വേഷണം ആവശ്യമായ കേസ് ആണെന്നും ചന്ദ്രചൂഢ് തന്റെ വിധിയില്‍ വ്യക്തമാക്കി.
ഇതേ സമയം കേസ് പരിഗണിച്ച മൂന്നംഗ ബഞ്ചില്‍ മറ്റ് രണ്ട് പേരായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും എ എന്‍ ഖാന്‍വില്‍ക്കറും പ്രത്യേക അന്വേഷണത്തെ എതിര്‍ത്തു.