ഇരിട്ടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വൃദ്ധ മരിച്ചു

Update: 2018-10-30 04:10 GMT


കണ്ണൂര്‍: മലയോരമേഖലയായ ഇരിട്ടിയില്‍ ആദിവാസി വൃദ്ധ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.
ആറളം ഫാം 13ാം ബ്ലോക്കിലെ ദേവു കാര്യാത്തന്‍(80) ആണ് കൊല്ലപ്പെട്ടത്. ദേവുവിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന നാലു വയസ്സുകാരിയായ കൊച്ചുമകള്‍ക്കും പരിക്കേറ്റു. പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ ആന ആക്രമിക്കുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറളം മേഖലയില്‍ കാട്ടാനകളുടെ ആക്രമണം രൂക്ഷമായിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റും മറ്റും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കോടികളുടെ കൃഷിനാശം ഉള്‍പ്പെടെയുള്ളവ ഉണ്ടാവുകയും ചെയ്തിരുന്നു.