2013ലെ പ്രക്ഷോഭം: ഈജിപ്തില്‍ 75 പേര്‍ക്ക് വധശിക്ഷ

Update: 2018-09-09 05:53 GMT
കെയ്‌റോ: 2013ല്‍ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സിയെ പട്ടാള ഭരണകൂടം പുറത്താക്കിയതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുള്‍പ്പെടെ 75പേരുടെ വധശിക്ഷ കോടതി ശരിവച്ചു. മാധ്യമ പ്രവര്‍ത്തകരും മുസ്‌ലിം ബ്രദര്‍ഹുഡ് അനുയായികളും ഉള്‍പ്പെടെ 739 പേര്‍ക്കെതിരെയുണ്ടായിരുന്ന കേസിലാണ് വിധി. കൊലപാതകം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്.



മുഹമ്മദ് അല്‍ ബല്‍താഗ്വി, ഇസാം അല്‍ ആര്യന്‍, സഫ് വാത് ഹിജാസി എന്നിവരും ശിക്ഷിക്കപ്പെട്ടവരില്‍പ്പെടുന്നു. ബ്രദര്‍ഹുഡ് തലവന്‍ മുഹമ്മദ് ബാഡിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്. ഈജിപ്തില്‍ ജയിലില്‍ കഴിയുന്ന ഫോട്ടോഗ്രാഫറും യു.എന്‍ പുരസ്‌കാര ജേതാവുമായ ഷാകാന്‍ എന്നറിയപ്പെടുന്ന മഹമ്മൂദ് അബു സെയ്ദിനെ അഞ്ചുവര്‍ഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. 56 പേര്‍ക്ക് ജീവപര്യന്തവും 200 പേര്‍ക്ക് 5 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. 2013ല്‍ മുര്‍സിയെ പട്ടാള ഭരണകൂടം പുറത്താക്കിയതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണത്തില്‍ മൂന്നു മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ 30ലധികം മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്. ഈജിപ്തില്‍ ആദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ പ്രസിഡന്റാണ് മുര്‍സി. 2012ലാണ് അദ്ദേഹം അധികാരമേറ്റത്. അടുത്ത വര്‍ഷം തന്നെ പട്ടാള ഭരണകൂടം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

Similar News