ഇക്കോ ടൂറിസം പദ്ധതി: സംസ്ഥാനത്തു പ്രത്യേക ചട്ടം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ഹരജി

Update: 2018-10-31 16:03 GMT


കൊച്ചി: ഇക്കോ ടൂറിസം പദ്ധതികള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തു പ്രത്യേക ചട്ടം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. വയനാട് പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയവരില്‍ നിന്ന് വിശദീകരണം തേടി. കേന്ദ്രസര്‍ക്കാര്‍ 2011ല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചട്ടം കൊണ്ടുവന്നില്ലെന്നു ഹരജിക്കാര്‍ പറയുന്നു.
ഇക്കോ ടൂറിസം പദ്ധതികള്‍ വനപ്രദേശത്ത് നടത്തുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതി നേടണം. വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പദ്ധതിക്ക് ഇത്തരത്തിലുള്ള അനുമതിയില്ല. സംസ്ഥാനത്തെ 60 ഇക്കോ ടൂറിസം പ്രദേശങ്ങളിലും സമാനസ്ഥിതിയാണ്.
ഈ 60 പ്രദേശങ്ങളില്‍ എന്തൊക്കെ ചെയ്യാം, എത്ര പേര്‍ക്ക് പ്രവേശിക്കാം എന്നീ കാര്യങ്ങളില്‍ പഠനം നടത്തിയിട്ടില്ല. അനിയന്ത്രിതമായി ആളുകള്‍ പ്രവേശിക്കുന്നതു പരിസ്ഥിതിയെയും പ്രദേശവാസികളെയും പ്രതികൂലമായി ബാധിക്കുകയാണ്. കുറുവ ദ്വീപിലെ അനിയന്ത്രിമായി സഞ്ചാരികള്‍ എത്തുന്നതു പരിസ്ഥിതിയെ തകര്‍ത്തിരിക്കുകയാണ്.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഇക്കോ ടൂറിസം നടപടികള്‍ സ്റ്റേ ചെയ്യണമെന്നതാണു ഹരജിയിലെ ഇടക്കാല ആവശ്യം.

Similar News