കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് പുതിയ റെക്കോര്‍ഡ് കുറിച്ചാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. സ്വര്‍ണവില ഗ്രാമിന് 295 രൂപ വര്‍ധിച്ച് 15,140 രൂപയും പവന് 2,360 രൂപ വര്‍ധിച്ച് 1,21,120 രൂപയുമായി.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ ഔണ്‍സിന് 163 ഡോളറിന്റെ വര്‍ധനവുണ്ടായി. 5,247 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 3.15 ശതമാനം നേട്ടമാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഉണ്ടായത്. യുഎസ് ഡോളര്‍ ദുര്‍ബലമാവുന്നത് സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാനകാരണം. നാലു വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് യുഎസ് ഡോളര്‍ വീണിട്ടുണ്ട്. ഇതിനൊപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്ത് താന്‍ അവരോധിക്കുന്നയാള്‍ എത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ട്രംപിന്റെ നോമിനി യുഎസ് കേന്ദ്രബാങ്കിനെ നയിക്കാനെത്തിയാല്‍ പലിശകുറയാനുള്ള സാധ്യത നിക്ഷേപകര്‍ നോക്കി കാണുന്നുണ്ട്.