പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്താനൊരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

വില ഉയര്‍ത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി വിതരണക്കാര്‍ക്ക് കത്തയച്ചു

Update: 2026-03-10 08:30 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിതരണത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐഒസി)തീരുമാനിച്ചു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും കണക്കിലെടുത്ത് വില ഉയര്‍ത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഒസി കണ്‍ട്രി ഹെഡ് ബി ബി പാത്ര വിതരണക്കാര്‍ക്ക് കത്തയച്ചു. ഏത് നിമിഷവും വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്നും പുതുക്കിയ നിരക്ക് സെയില്‍സ് ടീം ഉടന്‍ അറിയിക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ഇന്നലെയാണ് വിരണക്കാര്‍ക്ക് കത്തയച്ചത്.

പാചകവാതക ലഭ്യത കുറഞ്ഞതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് കമ്പനികള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ മുപ്പത്തയ്യായിരത്തോളം ഹോട്ടലുകളെയാണ് ഇത് ഏറ്റവും സാരമായി ബാധിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ഹോട്ടലുകളിലും ഇന്‍ഡസ്ട്രികളിലും വിതരണം നിര്‍ത്തിവച്ചു. ബെംഗളൂരു നഗരത്തിലെ 35,000 ഓളം ഹോട്ടലുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാസം നഗരത്തില്‍ വേണ്ടത് മൂന്നു ലക്ഷം സിലിണ്ടറുകളാണ്. പ്രതിദിനം 22,000 സിലിണ്ടറുകള്‍ ആവശ്യമുള്ള സ്ഥാനത്ത് നിലവില്‍ 11,000 സിലിണ്ടര്‍ മാത്രമാണ് വിതരണം ചെയ്യുന്നത്. സ്റ്റോക്ക് തീര്‍ന്നാല്‍ ഹോട്ടലുകള്‍ അടച്ചിടേണ്ട സാഹചര്യമാണ്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണാനാണ് കര്‍ണാടക ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഭാരത് പെട്രോളിയവും എച്ച്പിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലും എല്‍പിജി വിതരണം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന 19 കിലോ, 47.5 കിലോ വിഭാഗങ്ങളിലുള്ള സിലിണ്ടറുകളുടെ ലഭ്യത കുറയുമെന്ന് എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്. എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ വിതരണക്കാര്‍ക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കി. ഗാര്‍ഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പ് തടയാനും വാതക ലഭ്യത ഉറപ്പുവരുത്താനും സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിതരണത്തിലെ കുറവ് ഹോട്ടല്‍ മേഖലയെയും ചെറുകിട വ്യവസായങ്ങളെയും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

Tags: