കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിനവും സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 12,835 രൂപയും പവന് 560 രൂപ ഉയര്‍ന്ന് 1,02,680 രൂപയുമായി. ഇതോടെ കേരളത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില എന്ന നേട്ടം രേഖപ്പെടുത്തി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും വില കൂടിയിട്ടുണ്ട്. വെള്ളി വിലയും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 240 രൂപയായി.
ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,500 ഡോളര്‍ കടന്നു. ഇന്ന് 26.02 ഡോളര്‍ വര്‍ധിച്ച് 4,505.55 ഡോളറിലാണ് വ്യാപാരം, 0.58 ശതമാനത്തിന്റെ ഉയര്‍ച്ചയാണിത്. ഈ വര്‍ഷം മാത്രം ആഗോള വിപണിയില്‍ സ്വര്‍ണവിലയ്ക്ക് 70.83 ശതമാനം വര്‍ധനവുണ്ടായതായാണ് റിപോര്‍ട്ട്.
ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് കേന്ദ്രബാങ്കിന്റെ പലിശനിരക്ക് കുറവ്, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി ശേഖരിക്കുന്നത് തുടങ്ങിയ ഘടകങ്ങളാണ് വിലവര്‍ധനയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയര്‍ന്ന നിലയിലാണ്.