ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുമ്പോള്‍ സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു
കൊച്ചി: ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്നതിനിടയിലും സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 300 രൂപ കുറഞ്ഞ് വില 15,565 രൂപയായി. പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയുമായി. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന സാഹചര്യത്തില്‍ കേരളത്തില്‍ വില കുറയുന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 127 ഡോളറിന്റെ വര്‍ധനവോടെ സ്വര്‍ണവില 5,358 ഡോളറിലെത്തി. 2.43 ശതമാനം നേട്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്.
യുഎസ്-ഇസ്രായേല്‍ സേനകള്‍ ഇറാന് നേരെ നടത്തുന്ന സൈനിക നടപടികളാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം. യുദ്ധം നാലാഴ്ചവരെ നീണ്ടുനില്‍ക്കാമെന്നു ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുള്ള തിരിഞ്ഞുനോട്ടം ശക്തമാകാന്‍ സാധ്യതയുണ്ടെന്നും വിലയില്‍ വീണ്ടും വര്‍ധനവുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു.