കൊച്ചി: സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. സ്വര്‍ണം പവന് 920 രൂപ വര്‍ധിച്ച് 89,480 രൂപയായി. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11,185 രൂപയിലെത്തി. ഇതോടെ ഒരുപവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരുലക്ഷത്തിനടുത്ത് ചിലവാകും. ഒന്നര മാസത്തിനിടെ സ്വര്‍ണം പവന് 11,840 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഇന്നലെ ഗ്രാമിന് 125 രൂപ വര്‍ധിച്ച് 11,070 രൂപയായിരുന്നു വില. പവന് 1,000 രൂപ വര്‍ധിച്ച് 88,560 രൂപയായിരുന്നു വില. സെപ്തംബര്‍ മാസം തുടക്കത്തില്‍ 77,640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍, സെപ്തംബര്‍ 30ന് വില കുത്തനെ ഉയര്‍ന്ന് 86,760 രൂപയായി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9,200 രൂപയായി. 14കാരറ്റിന്റേത് 70 രൂപ വര്‍ധിച്ച് 7,170 രൂപയായും ഉയര്‍ന്നു. ആഗോള വിപണിയിലും സ്വര്‍ണം ചരിത്ര മുന്നേറ്റം തുടരുകയാണ്. റെക്കോഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, താരിഫ് അനിശ്ചിതത്വം, ദുര്‍ബലമായ ഡോളര്‍, കേന്ദ്ര ബാങ്കുകളുടെ വന്‍തോതിലുള്ള വാങ്ങല്‍ എന്നിവ കാരണം ഈ വര്‍ഷം ഇതുവരെ സ്വര്‍ണ വിലയില്‍ 55 ശതമാനത്തിലധികം വര്‍ധനവുണ്ടായി. ഫെഡ് റിസര്‍വ് വീണ്ടും നിരക്ക് കുറച്ചാല്‍ സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തല്‍.
