സ്വര്‍ണവില ലക്ഷത്തില്‍ താഴെ

പവന് 3,200 രൂപ കുറഞ്ഞ് 99,480 രൂപയായി

Update: 2026-03-23 11:26 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തില്‍ താഴെയെത്തി. ഉച്ചയ്ക്ക് സ്വര്‍ണം ഗ്രാമിന് 400 രൂപ കുറഞ്ഞ് 12,435 രൂപയും, പവന് 3,200 രൂപ കുറഞ്ഞ് 99,480 രൂപയുമായി. ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 545 രൂപ കുറഞ്ഞ് 12,835 രൂപയും, പവന് 4,360 രൂപ കുറഞ്ഞ് 1,02,680 രൂപയുമായിരുന്നു. ഇന്ന് ഒറ്റദിവസം ഗ്രാമിന് 945 രൂപയും പവന് 7,560 രൂപയുമാണ് കുറഞ്ഞത്. ജനുവരി ഒന്‍പതിന് ശേഷം കേരളത്തില്‍ സ്വര്‍ണത്തിന്റെ ഏറ്റവും താഴ്ന്ന വിലയാണിത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഡോളര്‍ കരുത്താര്‍ജിച്ചതും ക്രൂഡ് ഓയില്‍ നിക്ഷേപം വര്‍ധിച്ചതുമാണ് സ്വര്‍ണത്തിന് വിലയിടിയാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ജനുവരിയിലാണ് സ്വര്‍ണം റെക്കോര്‍ഡ് വിലയായ 1,31,000 രൂപ ആയത്, പിന്നീട് താഴുകയായിരുന്നു.

Tags: