ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണവിലയിലെ കുതിപ്പിലും കിതപ്പിലും വന്‍ മാറ്റങ്ങള്‍ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. കുതിപ്പിനിടെ ഒരുലക്ഷമെന്ന മാന്ത്രിക സംഖ്യയില്‍ കൈയെത്തിപ്പിടിക്കുംമുമ്പ് സ്വര്‍ണവില കുറയാന്‍ തുടങ്ങി. അതും ഒന്നൊന്നര വീഴ്ച. ഈയിടെ ഇനി സ്വര്‍ണവില ഉയരാന്‍ സാധ്യതയില്ലാത്ത തരത്തിലാണ് ഇപ്പോഴുള്ള സാഹചര്യം. ഒക്ടോബര്‍ 11നു ശേഷം ആദ്യമായാണ് സ്വര്‍ണവില ഇത്രയും കുറയുന്നത്. രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 5,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. എങ്കിലും സാധാരണക്കാരന് ഇപ്പോഴും സ്വര്‍ണം അപ്രാപ്യമായ നിലയില്‍ തന്നെയാണ്.
സ്വര്‍ണവില അനിയന്ത്രിതമായി വര്‍ധിക്കാനിടയായ സാഹചര്യങ്ങള്‍
ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അയവുവന്നതാണ് സ്വര്‍ണവില കൂപ്പുകുത്താന്‍ കാരണം. അമേരിക്കയിലെ ഭരണ പ്രതിസന്ധി, അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കം എന്നിവ വിലവര്‍ധനവിന് ആക്കംകൂട്ടി. ആഗോള വിപണിയില്‍ ഡോളറിന് ക്ഷീണമുണ്ടായതും മറ്റൊരു കാരണമായി. ഇതോടെ സുരക്ഷിത നിക്ഷേപമെന്നനിലയില്‍ കൂടുതല്‍പ്പേരും സ്വര്‍ണത്തിനു പിന്നാലെയായി. രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങി. ഇതിനൊപ്പം ദീപാവലി പോലുളള ഉല്‍സവ സീസണുകളും ഇന്ത്യയില്‍ വിലവര്‍ധനയ്ക്ക് കാരണമായി.
ഇപ്പോള്‍ ഏറെക്കുറെ വരച്ചവരയിലാണ് സ്വര്‍ണവിലയുള്ളതെന്ന് വിപണി വിദഗ്ദ്ധര്‍ പറയുന്നു. ഉല്‍സവ സീസണുകള്‍ അവസാനിച്ചതും യുഎസ്-ചൈന വ്യാപാരക്കരാര്‍ സംബന്ധിച്ച് പോസിറ്റീവ് വാര്‍ത്തകളും സ്വര്‍ണവില കുറയാന്‍ കാരണമായെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 'അമിതമായ കുതിച്ചുകയറ്റത്തിനുശേഷം സ്വര്‍ണവില കാര്യമായി പിന്നാക്കം പോയിരിക്കുകയാണിപ്പോള്‍'-ബ്രോക്കറേജ് വാന്റേജ് ഗ്ലോബല്‍ പ്രൈം പ്രൈവറ്റ് ലിമിറ്റഡിലെ വിശകലന വിദഗ്ദ്ധനായ ഹെബെ ചെന്‍ പറഞ്ഞു. ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് 'നല്ല ഇടപാടുണ്ടാകും' എന്ന ട്രംപിന്റെ വാക്കുകളും വിപണിയെ സ്വാധീനിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
സ്വര്‍ണവിലയിലെ കുറവിനെ റബര്‍ ബാന്‍ഡ് ഇഫക്ട് എന്നാണ് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. കൂടാനെടുത്ത സമയത്തേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് വില കുറയുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. വിലനിലവാരം പഴയ നിലയിലേക്ക് പോയില്ലെങ്കിലും എല്ലാവര്‍ക്കും ആശ്വസിക്കാനാവുന്ന നിലയിലേക്കെത്തുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇപ്പോള്‍ അയവുവന്ന പ്രശ്‌നങ്ങള്‍ വീണ്ടും കൊടുമ്പിരിക്കൊള്ളുകയോ അമേരിക്കയിലെ ഭരണപ്രതിന്ധി കടുക്കുകയോ ചെയ്താല്‍ പഴയതിനെക്കാള്‍ വേഗത്തില്‍ വില വര്‍ധിക്കാമെന്നാണ് അവരുടെ അഭിപ്രായം.

