സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; ആഗോള വിപണിയിലും കുതിപ്പ്

Update: 2026-03-02 10:12 GMT

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 15,630 രൂപയും പവന് 520 രൂപ കൂടി 1,25,040 രൂപയുമായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് 115.46 ഡോളര്‍ വര്‍ധിച്ച് 5,393.56 ഡോളറായി. 2.19 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയും പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയുമായി.

യുഎസ്–ഇസ്രായേല്‍ സംയുക്തസേനകള്‍ ഇറാനില്‍ നടത്തുന്ന സൈനിക നടപടി സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. യുദ്ധം നാല് ആഴ്ച വരെ നീണ്ടുനില്‍ക്കാമെന്ന് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനിശ്ചിതത്വം നീണ്ടുനില്‍ക്കുന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുള്ള നീക്കം ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത് വരും ദിവസങ്ങളിലും വില ഉയരാന്‍ ഇടയാക്കുമെന്നാണ് സൂചന.

അതേസമയം, ഇസ്രായേല്‍–യുഎസ് സംയുക്തസേനകളുടെ ഇറാന്‍ ആക്രമണത്തിന് പിന്നാലെ എണ്ണവിലയും കുതിച്ചുയര്‍ന്നു. ഏഴു ശതമാനം വരെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലാകെ യുദ്ധഭീതിയുയര്‍ന്നതോടെയാണ് എണ്ണവിപണിയിലും ശക്തമായ പ്രതികരണം ഉണ്ടായത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 78.24 ഡോളറില്‍ നിന്ന് 82.37 ഡോളറായി ഉയര്‍ന്നു. 5.38 ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.66 ഡോളര്‍ കൂടി 75.33 ഡോളറിലെത്തി.

Tags: