മുംബൈ: സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില സര്‍വകാല റെക്കോര്‍ഡ് തൊട്ടതോടെ രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചായ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ലിമിറ്റഡിന് (എംസിഎക്‌സ്) വന്‍ നേട്ടം. ചരിത്രത്തില്‍ ആദ്യമായി എംസിഎക്‌സിന്റെ ശരാശരി പ്രതിദിന വ്യാപാര മൂല്യം രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ (എന്‍എസ്ഇ) മറികടന്നു.
സ്വര്‍ണം, വെള്ളി വിലകളിലുണ്ടായ ശക്തമായ കുതിപ്പിനെ തുടര്‍ന്ന് ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്ടുകളിലെ വ്യാപാരം വലിയ തോതില്‍ വര്‍ധിച്ചതാണ് എംസിഎക്‌സിന്റെ വരുമാനം ഉയരാന്‍ കാരണമായത്. എന്‍എസ്ഇയിലെ സ്‌റ്റോക്ക് ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്ടുകളേക്കാള്‍ കൂടുതല്‍ വ്യാപാരമാണ് ഈ കാലയളവില്‍ എംസിഎക്‌സില്‍ നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, വരും ദിവസങ്ങളില്‍ വിലകളില്‍ ഇടിവുണ്ടായാല്‍ എംസിഎക്‌സിന്റെ വ്യാപാരവും വരുമാനവും കുറയാനിടയുണ്ടെന്ന് വിപണി അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഡിസംബറില്‍ വെള്ളി വിലയില്‍ 31 ശതമാനവും സ്വര്‍ണ വിലയില്‍ എട്ടു ശതമാനവും വര്‍ധന രേഖപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ എംസിഎക്‌സിന്റെ ശരാശരി പ്രതിദിന വ്യാപാരം 93,929 കോടി രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ എന്‍എസ്ഇയില്‍ ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്ടുകളിലെ ശരാശരി പ്രതിദിന വ്യാപാരം 72,515 കോടി രൂപയായിരുന്നു. എംസിഎക്‌സിലെ മൊത്തം വ്യാപാരത്തില്‍ സ്വര്‍ണത്തെ പിന്നിലാക്കി വെള്ളിയാണ് മുന്‍നിരയിലെത്തിയത്. 41,370 കോടി രൂപയുടെ സില്‍വര്‍ ഫ്യൂച്ചേഴ്‌സ് വ്യാപാരവും 32,426 കോടി രൂപയുടെ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വ്യാപാരവുമാണ് രേഖപ്പെടുത്തിയത്. മൊത്തം ശരാശരി പ്രതിദിന വ്യാപാര മൂല്യത്തില്‍ വെള്ളിയുടെ സംഭാവന 44 ശതമാനവും സ്വര്‍ണത്തിന്റെത് 35 ശതമാനവുമാണ്. സ്വര്‍ണവും വെള്ളിയും മാത്രമല്ല, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, കോപ്പര്‍, സിങ്ക്, അലൂമിനിയം, കോട്ടണ്‍ തുടങ്ങിയ വിവിധ ചരക്കുകളുടെ ഡെറിവേറ്റീവ് വ്യാപാരവും എംസിഎക്‌സില്‍ നടക്കുന്നു. എന്നിരുന്നാലും, ഡിസംബറില്‍ സ്വര്‍ണവും വെള്ളിയും മാത്രമുള്ള വ്യാപാരത്തിലൂടെ 73,796 കോടി രൂപയാണ് എംസിഎക്‌സിന് ലഭിച്ചതെന്നാണ് കണക്കുകള്‍.
ആഗോളതലത്തില്‍ 1.2 ബില്ല്യണ്‍ ഔണ്‍സ് വെള്ളിയുടെ ഡിമാന്‍ഡിനിടയില്‍ ഉത്പാദനത്തില്‍ 800 ദശലക്ഷം ഔണ്‍സിന്റെ കുറവുണ്ടായതും, യുഎസ് താരിഫ് നയങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മൂലം സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിനുള്ള ആവശ്യകത വര്‍ധിച്ചതുമാണ് വ്യാപാരം കുതിക്കാന്‍ പ്രധാന കാരണങ്ങള്‍. മുന്‍വര്‍ഷത്തേക്കാള്‍ 2026 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സ്വര്‍ണം, വെള്ളി ഫ്യൂച്ചേഴ്‌സുകളുടെ ശരാശരി വില 47 ശതമാനം ഉയര്‍ന്നു. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് ഗോള്‍ഡ് ആക്ടീവ് ഫ്യൂച്ചേഴ്‌സിന്റെ ശരാശരി വില 10 ഗ്രാമിന് 1.08 ലക്ഷം രൂപയായും സില്‍വര്‍ ആക്ടീവ് ഫ്യൂച്ചേഴ്‌സിന്റെ വില കിലോഗ്രാമിന് 1.29 ലക്ഷം രൂപയായും ഉയര്‍ന്നു. വ്യാപാരവും വരുമാനവും പുതിയ റെക്കോര്‍ഡുകള്‍ തൊട്ടതോടെ എംസിഎക്‌സിന്റെ ഓഹരി വിലയും കുതിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11നു 881.63 രൂപയായിരുന്നു എംസിഎക്‌സിന്റെ ഓഹരി വില. വെള്ളിയാഴ്ച നിക്ഷേപകര്‍ക്ക് ഏകദേശം 158 ശതമാനം റിട്ടേണ്‍ നല്‍കിക്കൊണ്ട് ഇത് 2,278 രൂപയിലെത്തി.

