എഐ ആശങ്കകള്‍ക്ക് പിന്നാലെ ഐടി ഓഹരികളില്‍ വിദേശികളുടെ വന്‍വില്‍പന; നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Update: 2026-02-19 10:36 GMT

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മേഖലയിലെ ആശങ്കകള്‍ ശക്തമാകുന്നതിനിടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ഓഹരികളില്‍ നിന്ന് വിദേശ നിക്ഷപകര്‍ വന്‍തുക പിന്‍വലിച്ചു. ഫെബ്രുവരി ആദ്യ പകുതിയില്‍ മാത്രം 10,956 കോടി രൂപയുടെ ഐടി ഓഹരികളാണ് വിദേശികള്‍ വിറ്റൊഴുവാക്കിയത്.

നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) ഡാറ്റ പ്രകാരം, ഈ വില്‍പനയെ തുടര്‍ന്ന് ഐടി മേഖലയിലെ വിദേശികളുടെ മൊത്തം നിക്ഷേപം 4.49 ലക്ഷം കോടി രൂപയായി കുറഞ്ഞു. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്. ജനുവരി അവസാനം ഇത് 5.34 ലക്ഷം കോടി രൂപയായിരുന്നു. ഏകദേശം 16 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ തന്നെ വിദേശികള്‍ ഐടി ഓഹരികള്‍ വിറ്റൊഴിയുന്ന പ്രവണത തുടര്‍ന്നുവരികയാണ്. 2025ല്‍ മാത്രം 74,698 കോടി രൂപയുടെ ഐടി ഓഹരികളാണ് വിറ്റത്. ഓരോ കമ്പനിയുടെയും കൃത്യമായ വില്‍പന കണക്കുകള്‍ മാര്‍ച്ച് സാമ്പത്തിക പാദ റിപോര്‍ട്ടുകലില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷാരംഭത്തില്‍ ഐടി കമ്പനികളില്‍ വിദേശികളുടെ നിക്ഷേപം 7.3 ലക്ഷം കോടി രൂപയായിരുന്നു. തുടര്‍ച്ചയായ വില്‍പനയെ തുടര്‍ന്ന് വിദേശ ഓഹരി പങ്കാളിത്തം 38 ശതമാനം കുറഞ്ഞു. ഫെബ്രുവരിയില്‍ പ്രധാന ഐടി ഓഹരികളിലും കനത്ത ഇടിവ് രേഖപ്പെടുത്തി. ഇന്‍ഫോസിസ് 16.5 ശതമാനവും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 14 ശതമാനവും എച്ച്‌സിഎല്‍ ടെക്‌നോളജീസ് 14.2 ശതമാനവും ടെക് മഹീന്ദ്ര 12 ശതമാനവും ഇടിഞ്ഞു. പെര്‍സിസ്റ്റന്റ് സിസ്റ്റംസ, വിപ്രോ ഓഹരികളും ഏകദേശം 10 ശതമാനം വീതം നഷ്ടം രേഖപ്പെടുത്തി. ഫെബ്രുവരി മുതല്‍ നിഫ്റ്റി ഐടി സൂചികയില്‍ 14 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

അതേസമയം, 10 വന്‍കിട ഐടി ഓഹരികളിലെ മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപവും ഗണ്യമായി കുറഞ്ഞു. ഫെബ്രുവരി 13ഓടെ ഇത് 3.04 ലക്ഷം കോടി രൂപയായി താഴ്ന്നു. ജനുവരി അവസാനം 3.56 ലക്ഷം കോടി രൂപയായിരുന്നു. ഏകദേശം 50,000 കോടി രൂപ മ്യൂച്വല്‍ ഫണ്ടുകള്‍ പിന്‍വലിച്ചെന്നാണ്് സൂചന.

ഐടി മേഖലയിലെ താല്‍പര്യം കുറഞ്ഞെങ്കിലും മറ്റു ചില മേഖലകളില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു. ഫെബ്രുവരി ആദ്യ പകുതിയില്‍ കാപിറ്റല്‍ ഗുഡ്‌സ് മേഖലയില്‍ 8,032 കോടി രൂപ നിക്ഷേപിച്ചു. ജനുവരിയില്‍ ഇത് 2,761 കോടി രൂപയായിരുന്നു. സാമ്പത്തിക സേവന മേഖലയിലും എണ്ണവാതക മേഖലയിലും യഥാക്രമം 6,175 കോടി രൂപയും 4,678 കോടി രൂപയും നിക്ഷേപിച്ചു. ജനുവരിയില്‍ ഈ മേഖലകളില്‍ വില്‍പന നടത്തിയതിന് ശേഷമാണ് ഫെബ്രുവരിയില്‍ വിദേശികള്‍ വീണ്ടും വാങ്ങല്‍ ശക്തമാക്കിയത്.

Tags: