തൃശൂരില്‍ 75 ലക്ഷം രൂപ കവര്‍ന്നു
ബസിറങ്ങി മെഡിക്കല്‍ ഷോപ്പിന്റെ സമീപത്ത് ബാഗ് വെച്ച് ശുചിമുറിയിലേക്ക് പോയപ്പോള്‍ ഒരാള്‍ ബാഗുമായി കടന്നുകളഞ്ഞു
തൃശൂര്‍: മണ്ണുത്തി ദേശീയപാതയില്‍ വന്‍ കവര്‍ച്ച. അറ്റ്‌ലസ് ബസ് ഉടമ എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പക്കല്‍ നിന്നാണ് 75 ലക്ഷം രൂപ കവര്‍ന്നത്. ബെംഗളൂരുവില്‍ നിന്ന് ബസ് വിറ്റ പണവുമായി തൃശൂരില്‍ ബസ് ഇറങ്ങി ചായ കുടിക്കാനിറങ്ങിയ മുബാറക്ക് ബാഗ് വെച്ച് ശുചിമുറിയിലേക്ക് പോയതിനു പിന്നാലെയാണ് കവര്‍ച്ച നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്നോവ കാറിലെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്. ഇന്നോവ കാറിനായി ദേശീയപാതയില്‍ വ്യാപക തിരച്ചില്‍ നടത്തുന്നതായി പോലിസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. മെഡിക്കല്‍ ഷോപ്പിന്റെ സൈഡില്‍ പണമടങ്ങിയ ബാഗ് വെച്ചതിനു ശേഷം ശുചിമുറിയിലേക്ക് പോയ സമയത്താണ് ഒരാള്‍ ബാഗ് എടുത്തുകൊണ്ടുപോയത്. പെട്ടെന്ന് മുബാറക് ഓടിവന്നു തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ തള്ളിമാറ്റിയതിനു ശേഷം ഒരു ഇന്നോവ കാറിലേക്ക് ഇയാള്‍ കയറിപ്പോവുകയാണുണ്ടായത്. എന്നാല്‍ സംഭവത്തില്‍ സംശയമുണ്ടെന്നാണ് പോലിസ് പറയുന്നത്. കുഴല്‍പ്പണ സാധ്യതയടക്കം പോലിസ് തേടുന്നുണ്ട്.
സ്ഥിരമായി കടയില്‍ വരാറുള്ള ആളായിരുന്നു മുബാറക്കെന്ന് ദൃക്‌സാക്ഷി പറയുന്നുണ്ട്. ബാഗ് എടുത്തു കൊണ്ടു പോയത് മുബാറക്കിന്റെ ഡ്രൈവര്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നീട് മുബാറക്ക് ഇയാളെ തടഞ്ഞപ്പോഴാണ് കവര്‍ച്ചക്കാരാണെന്ന് മനസ്സിലായത്. പിടികൂടാന്‍ ചെന്ന മുബാറക്കിനെയും തന്നെയും കാറിലെത്തിയവര്‍ മര്‍ദ്ദിച്ചു. എന്തും ചെയ്ത് പണം തട്ടിയെടുക്കാന്‍ തന്നെയായിരുന്നു അവരുടെ ലക്ഷ്യം. പണം കവര്‍ന്ന കാര്‍ എറണാകുളം ഭാഗത്തേക്ക് ഓടിച്ചു പോയി. തൊട്ടുപിന്നാലെ മുബാറക്കിന്റെ ബസ് വരുന്നുണ്ടായിരുന്നു. ബസില്‍ കയറി മുന്നോട്ടുപോയി തിരഞ്ഞെങ്കിലും കവര്‍ച്ചക്കാരെ കണ്ടെത്താനായില്ലെന്ന് ദൃക്‌സാക്ഷി സിഡി മെഡിക്കല്‍സ് ഉടമ ബിജു പറഞ്ഞു. മുബാറക്കിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പോലിസിന്റെ തീരുമാനം. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കവര്‍ച്ച നടന്നിരിക്കുന്നതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
