ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു; ചികില്‍സാപ്പിഴവെന്ന് ആരോപണം

അബദ്ധം പറ്റിയെന്ന് ഡോക്ടറുടെ കുറ്റസമ്മതം

Update: 2025-10-17 03:00 GMT

തൃശൂര്‍: കുന്നംകുളം ഇട്ടിമാണി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കല്‍ വീട്ടില്‍ ഇല്യാസ് മുഹമ്മദ്(49)ആണ് മരിച്ചത്. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടേയാണ് മരണം. ഗുരുതര ചികില്‍സാപ്പിഴവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തനിക്ക് അബദ്ധം പറ്റിയെന്ന് ഡോക്ടര്‍ സമ്മതിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു ശസ്ത്രക്രിയ നടന്നത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഇല്യാസ് ആശുപത്രിയിലെത്തിയത്. വൈകിട്ട് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ശേഷം രാത്രി ഏട്ടരയോടെ മരിച്ചു. വിവരമറിഞ്ഞ് രാത്രി ആശുപത്രിയില്‍ തടിച്ചുകൂടിയ ഇല്യാസിന്റെ സുഹൃത്തുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ശ്വാസതടസ്സമാണ് മരണത്തിനു കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അനസ്തീസിയ നല്‍കുന്നതില്‍ പിഴവുണ്ടായിട്ടുണ്ടെന്നും ആരോപിച്ച ബന്ധുക്കള്‍ പോലിസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കുമെന്ന് പറഞ്ഞു.

ചികില്‍സാപ്പിഴവെന്നു എഴുതി നല്‍കിയാല്‍ മാത്രമേ മൃതദേഹം ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകുകയുള്ളൂ എന്നു പറഞ്ഞ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി രാത്രി ഏറെ വൈകിയും തര്‍ക്കം തുടര്‍ന്നു. ഇല്യാസിന്റെ പിതാവ്: മുഹമ്മദാലി. ഭാര്യ: റഹീന. മക്കള്‍: ഐഷ, സൈനുലാബിദീന്‍, മിസിരിയ.

അതേസമയം, അതിശോചനീയമാണ് ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയുടെ അവസ്ഥ. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സൂക്ഷിച്ചിരുന്ന പല മരുന്നുകളും കാലാവധി കഴിഞ്ഞതാണെന്നും ആരോപണമുണ്ട്. രോഗിയുടെ മരണത്തില്‍ ഡോക്ടര്‍ക്കെതിരേയും ആശുപത്രിക്കെതിരേയും നടപടി സ്വീകരിക്കുമെന്നാണ് വിവരം.

Tags: