കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു
പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികില്‍സയിലായിരുന്നു
തൃശൂര്‍: ബാബു എം പാലിശ്ശേരി(67)അന്തരിച്ചു. കുന്നംകുളം മുന്‍ എംഎല്‍എയായിരുന്നു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികില്‍സയിലായിരുന്നു. ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികില്‍സയിലായിരുന്നു. 2006, 2011 വര്‍ഷം കുന്നംകുളത്തെ ഇടതുപക്ഷ എംഎല്‍എയായിരുന്നു.
റിട്ട. ഇന്‍കംടാക്‌സ് ഓഫീസറായ കൊടുമുണ്ട പുല്ലാന രാമന്‍നായരുടേയും കൊരട്ടിക്കര മുള്ളത്ത് അമ്മിണിയമ്മയുടേയും മൂത്തമകനായി ജനിച്ച ബാബു എം പാലിശ്ശേരി 1980ല്‍ ഡിവൈഎഫ്‌ഐ രൂപവത്കരിച്ചപ്പോള്‍ കൊരട്ടിക്കരയില്‍ പ്രഥമ യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവര്‍ത്തനം തുടങ്ങി.
1986ല്‍ സിപിഎം അംഗമായ അദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: അശ്വതി പാലിശ്ശേരി, അഖില്‍ പാലിശ്ശേരി. സംസ്‌കാരം ബുധനാഴ്ച.