'വായ്പ വേണേല്‍ അവന്റെ വെപ്പാട്ടിയാവണം' നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
കേസില്‍ ഡിസിസി നേതാവും നെയ്യാറ്റിന്‍കര കൗണ്‍സിലറുമായ ജോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. വായ്പ നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും രേഖകളുമായി വായ്പയ്ക്കായി ചെന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്‍ കടന്നുപിടിച്ചെന്നും വീട്ടമ്മയുടെ കുറിപ്പില്‍ പറയുന്നു. തന്റെ സ്വകാര്യഭാഗങ്ങളിലെല്ലാം ജോസ് സ്പര്‍ശിച്ചെന്നും തനിക്കിനി ജീവിക്കാനാകില്ലെന്നുമാണ് അമ്മ മകനെഴുതിയ കത്തില്‍ പറയുന്നത്.
'മോനേ ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്, ജോസ് ഫ്രാങ്ക്‌ളിന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ല, ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്ന്, കടം തീര്‍ക്കാന്‍ ഒരു സബ്‌സിഡിയറി ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് കുറച്ച് ബില്ലുകള്‍ കൊടുക്കാന്‍ പറഞ്ഞു, ഞാന്‍ ബില്ല്‌കൊടുക്കാന്‍ ഓഫീസില്‍ പോയി, അപ്പോള്‍ എന്റെ കൈ പിടിച്ച് എന്നെ ഇഷ്ടമാണെന്നും കൂടെ നില്‍ക്കണമെന്നും വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ആഴ്ചയിലൊരിക്കല്‍ എവിടെയെങ്കിലും കാണണമെന്നും പറഞ്ഞു, എന്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ പിടിച്ചു, അവന്റെ സ്വകാര്യഭാഗത്തൊക്കെ എന്റെ കൈ പിടിച്ചുവച്ചു, ലോണിന്റെ കാര്യമായതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല, അവന്‍ വിളിക്കുമ്പോള്‍ അതുകൊണ്ടാണ് ഞാന്‍ നിന്നെ കൊണ്ടുപോകാത്തത്, ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ആവശ്യങ്ങള്‍ക്ക് പോയാല്‍ ഇങ്ങനെയാണ്, ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ, എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല, ഞാന്‍ പോകുന്നു' എന്നിങ്ങനെ തുടങ്ങി വളരെ ഗുരുതരമായ കാര്യങ്ങളാണ് വീട്ടമ്മ ജോസ് ഫ്രാങ്ക്‌ളിനെതിരേ ഉന്നയിച്ചിരിക്കുന്നത്.
ജോസ് ഫ്രാങ്ക്‌ളിന്റെ ഉപദ്രവത്തെക്കുറിച്ചു മാത്രമല്ല കടം വീട്ടാനുള്ളവരുടെ പണത്തിന്റെ കണക്കും ആത്മഹത്യാക്കുറിപ്പില്‍ വീട്ടമ്മ എഴുതിയിട്ടുണ്ട്. കേസില്‍ ഡിസിസി നേതാവും നെയ്യാറ്റിന്‍കര കൗണ്‍സിലറുമായ ജോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് സമീപ വാസികളില്‍ നിന്ന് മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.
ജോസ് ഫ്രാങ്ക്‌ളിന്‍ പലരേയും പണത്തിന്റെ പേരില്‍ സമാനമായി പീഡിപ്പിച്ചുവെന്നാണ് വിവരം. വട്ടിപ്പലിശക്കായി പലരില്‍ നിന്നും വീടും വസ്തുക്കളും എഴുതി വാങ്ങി. തൊഴില്‍ വാഗദ്ാനം നല്‍കിയും ചിലരില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചതായും പരാതികളുണ്ട്. ഈ കേസിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തു വരുമെന്ന് സൂചനയുണ്ട്.
