ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം
പത്തനംതിട്ട: ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചു. റിമാന്‍ഡിലായി ഒന്‍പതാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടായിരുന്നു സമരം.
പത്തനംതിട്ട സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര സബ് ജയിലിലാണ് കഴിഞ്ഞിരുന്നത്. സന്ദീപ് വാര്യര്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട ഉള്‍പ്പെടെ 14 യുവാക്കളും മൂന്നു വനിതാ പ്രവര്‍ത്തകരുമാണ് ജയിലിലുണ്ടായത്.
സന്ദീപ് വാര്യരാണ് കേസില്‍ ഒന്നാം പ്രതി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് അഞ്ചാം പ്രതിയാണ്. ഇവര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചുവെന്ന വകുപ്പും ചുമത്തിയിരുന്നു.
ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ട ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. പോലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഉദ്ഘാടന പ്രസംഗത്തിനുശേഷം പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പോലിസിന് പ്രതിരോധിക്കാനായില്ല.
പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്നത് ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിന് മുമ്പിലെത്തി. ഓഫീസിന് മുമ്പില്‍ തേങ്ങയുടച്ച് പ്രതിഷേധിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, തേങ്ങ ഓഫീസിനുനേരെ വലിച്ചെറിയുകയായിരുന്നു. കൈയില്‍ കരുതിയ തേങ്ങ തീര്‍ന്നതോടെ റോഡില്‍നിന്ന് കല്ലുപെറുക്കി എറിഞ്ഞു. അതില്‍ നാലു ജനല്‍പ്പാളികള്‍ തകര്‍ന്നിരുന്നു.
