വിതരണത്തില്‍ പാളിച്ച;പാലക്കാട് റേഷന്‍ കടകളില്‍ അരി വിതരണം തടസപ്പെട്ടു

അരിനീക്കത്തിന് അടുത്ത ദിവസങ്ങളില്‍ വേഗംകൂട്ടുമെന്ന് സപ്ലൈക്കോ അറിയിച്ചു

Update: 2022-05-18 04:36 GMT

പാലക്കാട്:സംഭരണ ശാലകളില്‍ നിന്നുള്ള അരി വിതരണത്തിലെ കാലതാമസം മൂലം പാലക്കാട് റേഷന്‍ കടകളില്‍ അരി വിതരണം തടസപ്പെട്ടു.റേഷന്‍ കടകളിലുള്ള അരി വിതരണത്തില്‍ പാളിച്ച ഉണ്ടായെന്നും,കടകളിലേക്ക് അരി എത്തുന്നില്ലെന്നും കടയുടമകള്‍ വ്യക്തമാക്കി.അരിനീക്കത്തിന് അടുത്ത ദിവസങ്ങളില്‍ വേഗംകൂട്ടുമെന്ന് സപ്ലൈക്കോ അറിയിച്ചു.

പാലക്കാട് താലൂക്കില്‍ 167 റേഷന്‍ കടകളിലായി 1.77 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളത്. നിലവില്‍ മിക്ക റേഷന്‍കടകളിലും സ്റ്റോക്ക് കാലിയായിരിക്കുകയാണ്. സ്‌റ്റോക്ക് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ നിരന്തരം വിളിക്കുന്നുണ്ടെങ്കിലും പ്രയോജനം ഉണ്ടാകുന്നില്ലെന്ന് കടയുടമകള്‍ വ്യക്തമാക്കി. ഏപ്രില്‍ മാസത്തെ വിഹിതം ഇനിയും കിട്ടാത്ത കാര്‍ഡ് ഉടമകള്‍ ഉണ്ട്. മേയ് മാസത്തില്‍ നല്‍കാനായി ക്രമീകരിച്ചെങ്കിലും സ്‌റ്റോക്ക് ഇല്ലാത്തതാണ് വിതരണം തടസപ്പെടുത്തുന്നത്.

കഞ്ചിക്കോട് സംഭരണ ശാലയില്‍ നിന്നാണ് പാലക്കാട് താലൂക്കിലേക്ക് അരി എത്തുന്നത്. ഇവിടെ നിന്നും ഭക്ഷ്യധാന്യം കയറ്റിറക്കുന്നതുമായി ബന്ധപ്പെട്ട തൊഴിലാളി തര്‍ക്കം പൂര്‍ണമായി പരിഹരിക്കാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അടുത്ത ദിവസങ്ങളില്‍ അരി നീക്കം വേഗത്തിലാകുമെന്ന് താലൂക്ക് സപ്‌ളൈക്കോ വ്യക്തമാക്കി. കൂടാതെ മുടങ്ങിയ വിഹിതം വാങ്ങാന്‍ ഈ മാസം അവസാനം വരെ സമയവും അനുവദിച്ചിട്ടുണ്ട്.

Tags:    

Similar News