നെന്മാറ സജിത വധക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, 3.25 ലക്ഷംരൂപപിഴ

അപൂര്‍വങ്ങളില്‍ അപര്‍വമായ കേസല്ലെന്നു പറഞ്ഞാണ് ജീവപര്യന്തം തടവിന് വിധിച്ചത്

Update: 2025-10-18 06:10 GMT

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്. 3.25 ലക്ഷംരൂപപിഴയും ചുമത്തി. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന വാദത്തിനു ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് ശിക്ഷ വിധിക്കുന്നതിന് മുമ്പായി കോടതി പരാമര്‍ശിച്ചു.

സജിത വധക്കേസ് അപൂര്‍വങ്ങളില്‍ അപര്‍വമായ കേസല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. തുടര്‍ന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ശിക്ഷയില്‍ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാതിരുന്നയാളല്ലായിരുന്നുവെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷാ വിധി കേള്‍ക്കാന്‍ സജിതയുടെ മക്കളും വീട്ടുകാരും കോടതിയില്‍ എത്തിയിരുന്നു.

ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. 2019 ഓഗസ്റ്റ് 31നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സജിതയെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞതോടെ സജിതയെ സംശയിക്കുകയായിരുന്നു.

ഈ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ വിയ്യൂര്‍ ജയിലില്‍ നിന്നും ചെന്താമര 2024 നവംബറില്‍ ജാമ്യത്തിലിറങ്ങി. നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി നാലിന്റെ ഉത്തരവ് ലംഘിച്ച് ചെന്താമര കൊല്ലപ്പെട്ട സജിതയുടെ തൊട്ടടുത്ത വീട്ടില്‍ താമസിച്ചു. ചെന്താമര ഭീഷണിപ്പെടുത്തുന്നതായി സജിതയുടെ ഭര്‍ത്താവ് സുധാകരനും മകള്‍ അഖിലയും നെന്മാറ പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ല. 2025 ജനുവരി 27 രാവിലെ പത്തുമണിയോടെ ചെന്താമര അയല്‍വീട്ടിലെത്തി സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും വെട്ടിക്കൊന്നു. ഇതിനുശേഷം ഒളിവില്‍ പോയ ചെന്താമരയെ പോത്തുണ്ടി വനമേഖലയില്‍ നിന്ന് പോലിസ് പിടിക്കുകയായിരുന്നു.