അട്ടപ്പാടിയില്‍ പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
കഞ്ചാവ് നട്ടുപിടിപ്പിച്ചവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്
പാലക്കാട്: അട്ടപ്പാടിയില്‍ അഗളിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. മൂന്നു മാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. പുതൂരിലെ വനമേഖലയ്ക്കുള്ളിലാണ് തോട്ടമുണ്ടായിരുന്നത്. ഇങ്ങോട്ടേക്കെത്താന്‍ കാട്ടിലൂടെ അഞ്ച് മണിക്കൂറോളം നടക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുര്‍ പോലിസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കഞ്ചാവ് നട്ടുപിടിപ്പിച്ചവരെകുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കേരള പോലിസ് കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് കൃഷിയാണ് ഇതെന്നാണ് പോലിസ് പറയുന്നത്.
അട്ടപ്പാടിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന് എടിഎസ് ഡിഐജി പുട്ടാ വിമലാദിത്യന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ പോലിസ് മേധാവി അജിത് കുമാറിന് ഈ വിവരം കൈമാറുകയായിരുന്നു. കൃഷി ചെയ്യുന്നവരെ കുറിച്ചും, വില്പന നടത്തുന്നവരെക്കുറിച്ചും അന്വേഷിച്ചു വരുകയാണെന്ന് പോലിസ് അറിയിച്ചു. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പരിശോധനകള്‍ തുടരുമെന്നും പോലിസ് അറിയിച്ചു.