പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപിക മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി കുടുംബം
അധ്യാപികക്കെതിരേ നടപടി ആവശ്യപ്പെട്ട് സ്‌കൂളില്‍ പ്രധിഷേധവുമായി വിദ്യാര്‍ഥികള്‍
പാലക്കാട്: പല്ലന്‍ചാത്തന്നൂരില്‍ പതിനാലുകാരന്‍ ജീവനൊടുക്കി. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഴല്‍മന്ദം പോലിസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ തള്ളി സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്തുവന്നു. അധ്യാപികയുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രതികരണം.
കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ അര്‍ജുനെ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.