പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി;നടപടി പകരം ആളെ നിയമിക്കാതെ

Update: 2022-08-24 04:47 GMT
പെരിന്തല്‍മണ്ണ: വിവാദങ്ങള്‍ക്കിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ആരതി രഞ്ജിത്തിനെ സ്ഥലംമാറ്റി. വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ടായാണ് മാറ്റിയത്. പെരിന്തല്‍മണ്ണയില്‍ പകരം ആളെ നിയമിക്കാതെയാണ് നടപടി.

സൂപ്രണ്ട് നീണ്ട അവധിയെടുത്തതിനാല്‍ മാസങ്ങളായി ആശുപത്രി നാഥനില്ലാത്ത അവസ്ഥയിലായിരുന്നു. അവധിയെടുത്ത സൂപ്രണ്ടിന് പകരം ആളെ നിയമിക്കാത്തതും ഏറെ വിവാദമായിരുന്നു.മന്ത്രി തലത്തില്‍ വരെ ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം ആദ്യം സീനിയര്‍ ഡോക്ടര്‍മാരായ രണ്ടുപേര്‍ക്ക് താല്‍കാലിക ചുമതല നല്‍കിയെങ്കിലും ഇവരും ചുമതലയേറ്റെടുക്കാതെ അവധിയെടുത്തു. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ചു. ഈ മാസം ആദ്യം ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ക്ക് സൂപ്രണ്ടിന്റെ താല്‍കാലിക ചുമതല നല്‍കി ഡിഎംഒ ഉത്തരവിട്ടിരുന്നു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് സംബന്ധിച്ചും ചില ഉദ്യോഗസ്ഥരുടെ നിസഹകരണം പരാമര്‍ശിച്ചും ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു.