പേരാമ്പ്രയിലെ പോലിസ് നടപടിയെ ന്യായീകരിച്ച് ടി പി രാമകൃഷ്ണന്‍, ഷാഫിയെ ഭീഷണിപ്പെടുത്തി ഇ പി ജയരാജന്‍

മൂക്കിന് പരിക്കേറ്റ ഷാഫി എങ്ങനെ സംസാരിച്ചുവെന്ന്-ടി പി. ഇപ്പോള്‍ മൂക്കിന്റെ പാലമേ പോയിട്ടുള്ളു, ഇനി സൂക്ഷിക്കണം-ഇ പി

Update: 2025-10-15 14:50 GMT

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ ഭീഷണിപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. പേരാമ്പ്രയിലെ പോലിസ് നടപടി ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. 'ഇപ്പോള്‍ മൂക്കിന്റെ പാലമേ പോയിട്ടുള്ളു, ഇനി സൂക്ഷിക്കണം. കൈയ്യൂക്കുള്ള സഖാക്കളുണ്ടെങ്കില്‍ വന്ന വഴിക്ക് പോകില്ല. മെക്കിട്ട് കേറാന്‍ നോക്കിയാല്‍ അനുഭവിക്കും'-ഇ പി ജയരാജന്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് പോലിസ് ശ്രമിച്ചതെന്നും പ്രശ്‌നമുണ്ടാക്കിയത് ഷാഫി പറമ്പില്‍ എം പിയാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്രയില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇ പി ജയരാജനും, ടി പി രാമകൃഷ്ണനും.

ഷാഫിക്ക് അഹങ്കാരവും ധിക്കാരവും അഹംഭാവവുമാണ്. അതു കോണ്‍ഗ്രസ് ഓഫീസില്‍ പോയി പറഞ്ഞാല്‍ മതി. പോലിസിന് നേരെ ബോംബെറിഞ്ഞു. എന്നിട്ടും പോലിസ് സമാധാനപരമായ നിലപാട് സ്വീകരിച്ചുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പോലിസ് നടപടി മനസ്സിലാക്കണം. സംഘര്‍ഷ സ്ഥലത്തെത്തിയാല്‍ ജനപ്രതിനിധികള്‍ പോലിസിനോട് സംസാരിക്കണം, അതുണ്ടായില്ല. ഷാഫി അക്രമികള്‍ക്കൊപ്പം നിന്നുവെന്നും ടി പി പറഞ്ഞു. മൂക്കിന് ഓപ്പറേഷന്‍ നടന്നു എന്നാണ് പറയുന്നത്. മൂക്കിന് പരിക്കേറ്റയാള്‍ക്ക് എങ്ങനെയാണ് സംസാരിക്കാന്‍ പറ്റുക എന്നും ടി പി ചോദിച്ചു.

Tags: