'ഇത്ര കാലം ശ്വാസം കിട്ടാത്ത പ്രശ്‌നം, ഇപ്പോള്‍ പോലിസിന്റെ ശല്യം'; ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട പോലിസ് പരിശോധനക്കെതിരേ നാട്ടുകാര്‍
സമരത്തിനു പിന്നാലെ രാത്രി വീടുകളില്‍ പോലിസ് പരിശോധന
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരത്തിലെ സംഘര്‍ഷത്തിനു പിന്നാലെ രാത്രിയില്‍ വീടുകയറി പോലിസ് പരിശോധന. കരിമ്പാല കുന്നിലെ ഒരു വീട്ടില്‍ പോലിസ് സംഘം എത്തിയപ്പോള്‍ 'ഇത്രയും കാലം ശ്വാസം കിട്ടാത്ത പ്രശ്‌നമായിരുന്നു. ഇപ്പോള്‍ പോലിസിന്റെ ശല്യം കൂടിയായി' എന്ന് വീട്ടുകാര്‍ പോലിസിനോട് പറഞ്ഞു. മുക്കത്തു നിന്നുള്ള പോലിസുകാരാണ് ഇവിടെയെത്തിയത്.
എംഎല്‍എമാര്‍ പറഞ്ഞിട്ടല്ലല്ലോ നിങ്ങള്‍ ഇപ്പോള്‍ എഫ്ഐആര്‍ ഇടുന്നതെന്നും ഇപ്പോള്‍ നിലപാട് ശക്തമാക്കിയ നിങ്ങള്‍ നേരത്തെ അവരോട് ചെയ്തിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. വീട്ടുടമയുടെ പേരും വീട്ടുപേരും വീട്ടുനമ്പറും മറ്റ് വിശദാംശങ്ങളും പോലിസുകാര്‍ രേഖപ്പെടുത്തി. എന്തുകൊണ്ടാണ് നിങ്ങള്‍ മുക്കത്തുനിന്ന് വരാന്‍ കാരണമെന്ന് പോലിസുകാരോട് വീട്ടുകാര്‍ ചോദിക്കുമ്പോള്‍, 'ഡ്യൂട്ടിയല്ലേ' എന്നായിരുന്നു മറുപടി. വിവരങ്ങള്‍ രേഖപ്പെടുത്തുകയും വെള്ള പേപ്പറില്‍ ചില കാര്യങ്ങള്‍ എഴുതുകയും ഇതില്‍ വീട്ടുകാരെ കൊണ്ട് ഒപ്പിടീക്കുകയും ചെയ്ത ശേഷമാണ് പോലിസ് സംഘം മടങ്ങിയത്. വാദി പ്രതിയാകുമോയെന്നും എന്തിനാണ് ഒപ്പിടുന്നതെന്നും വീട്ടുകാര്‍ പോലിസിനോട് ചോദിച്ചു.
ഫ്രഷ് കട്ട് സമരത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് സമരസമിതി രംഗത്തെത്തിയിരുന്നു. സമരസമിതിയംഗങ്ങള്‍ പ്ലാന്റ് ആക്രമിച്ചിട്ടില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നുവെന്നും സമരസമിതി ചെയര്‍മാനായ ബാബു കുടുക്കി വ്യക്തമാക്കി. ഫ്രഷ് കട്ടിന്റെ ഗുണ്ടകളോ കമ്പനിയുടെ എതിരാളികളോ ആണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. കുട്ടികളെയും സ്ത്രീകളെയും കവചമാക്കിയെന്ന പോലിസ് ആരോപണവും അദ്ദേഹം തള്ളി. അതേസമയം ഫ്രഷ് കട്ട് സമരത്തിലെ സംഘര്‍ഷത്തില്‍ പോലിസിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 28ലധികം പേര്‍ക്കും കോഴിക്കോട് റൂറല്‍ എസ് പി ഉള്‍പ്പെടെ 16 പോലിസുകാര്‍ക്കും പരിക്കേറ്റിരുന്നു. അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറുവര്‍ഷമായി നടക്കുന്ന സമരമാണ് അക്രമാസക്തമായത്. സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്‌റൂഫാണ് ഒന്നാം പ്രതി.
