ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിലെ സംഘര്‍ഷം; 321 പേര്‍ക്കെതിരേ കേസ്

ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് പോലിസ് കേസെടുത്തിരിക്കുന്നത്

Update: 2025-10-22 05:31 GMT

കോഴിക്കോട്: കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 321 പേര്‍ക്കെതിരേ കേസെടുത്ത് പോലിസ്. ഇതിനുപിന്നാലെ വീടുകളില്‍ വ്യാപക റെയ്ഡ് നടത്തി പോലിസ്. കലാപം, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. പോലിസ് ഉദ്യോഗസ്ഥനെ കൊല്ലാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെയും കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെയും വിവിധ പ്രദേശങ്ങളില്‍ സമരക്കാര്‍ ഇന്ന് ഹര്‍ത്താല്‍ നടത്തും.

ഇന്നലെ വൈകുന്നേരമാണ് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനുമുന്നില്‍ നാട്ടുകാര്‍ സമരം നടത്തിയത്. പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാര്‍ക്കുനേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രകോപിതരായ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിട്ടു. അതില്‍ 10 ലോറികളടക്കം 15 വാഹനങ്ങളും ഫാക്ടറിയും കത്തി നശിച്ചു. അഞ്ചു വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് വാഹനം സമരക്കാര്‍ വഴിയില്‍ തടഞ്ഞു. കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. ഫാക്ടറിയില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഫാക്ടറി പൂര്‍ണമായി അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംഘര്‍ഷത്തില്‍ വടകര റൂറല്‍ എസ്പി കെ ഇ ബൈജു ഉള്‍പ്പെടെ 16 പോലിസുകാര്‍ക്കും 27 ഓളം സമരക്കാര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കല്ലേറില്‍ പല്ലിനും ചുണ്ടിനും കാലിനും പരിക്കേറ്റ റൂറല്‍ എസ് പി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഫ്രഷ് കട്ടിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമമെന്ന് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞിരുന്നു. കണ്ണൂര്‍ റേഞ്ച് ഡിഐജി രതീഷ് ചന്ദ്ര താമരശ്ശേരിയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. വ്യാപക പരിശോധനയാണ് താമരശ്ശേരിയില്‍ നടക്കുന്നത്. സമാധാനപരമായി ഫ്രഷ് കട്ടിനു മുമ്പില്‍ സമരം ചെയ്തവരെ ക്രൂരമായി നേരിടുകയായിരുന്നു പോലിസെന്നും ഫ്രഷ് കട്ട് അടച്ചുപൂട്ടിയേ തീരൂവെന്നും ഡോ. എം കെ മുനീര്‍ എംഎല്‍എ പറഞ്ഞു.