പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്

ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെ കേസെടുത്തു

Update: 2025-10-11 03:27 GMT

കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പോലിസ് കേസെടുത്തു. പോലിസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കലാപശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ാരകായുധങ്ങള്‍ ഉപയോഗിച്ച് പോലിസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍. പോലിസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവുമുണ്ടായിട്ടില്ലെന്ന് പോലിസ് പറയുന്നു. ഷാഫി പറമ്പില്‍ ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ എന്നിവരുള്‍പ്പെടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്.

ഈ ചോര കൊണ്ടൊന്നും ശബരിമല സ്വര്‍ണ മോഷണം മറക്കാനാവില്ലെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. പോലിസ് ഷാഫിയെ തെരഞ്ഞുപിടിച്ച് ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് സ്വകാര്യ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന് പരിക്കേറ്റ എംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂക്കിന്റെ രണ്ട് ഭാഗങ്ങളില്‍ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി.

പേരാമ്പ്ര സികെജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നഗരത്തിലാണ് സംഘര്‍ഷമുണ്ടായത്. കോളജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പേരാ്രമ്പയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിനിടെ പേരാബ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദനമേറ്റതായി ആരോപിച്ചു. ഇതിന്റെ ഭാഗമായി സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പോലിസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫിക്ക് പരുക്കേറ്റത്.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് ഉള്‍പ്പടെ വിവിധ ജില്ലകളില്‍ രാത്രി നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട്ട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും തൊടുപുഴയിലും നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കൊല്ലം ചവറയിലും പാലക്കാടും കല്‍പ്പറ്റയിലും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്നും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കും.

Tags: