കാസര്‍കോട്ടെ പ്ലൈവുഡ് ഫാക്ടറിയിലെ അപകടത്തില്‍ രണ്ടുമരണം
ഫാക്ടറിയിലെ ബോയിലര്‍ പെട്ടിത്തെറിച്ചാണ് അപകടം
കാസര്‍കോട്: അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുമരണം. കുമ്പള അനന്തപുരം വ്യവസായ പാര്‍ക്കിലെ ഡെക്കോര്‍ പാനല്‍ ഇന്‍ഡസ്ട്രീസിലാണ് പൊട്ടിത്തെറിയുണ്ടായത്. കമ്പനിയിലെ അസം സ്വദേശികളായ തൊഴിലാളികളാണ് ഷിഫ്റ്റിലുണ്ടായിരുന്നത്. അസം സ്വദേശി നജീറുല്‍ അലി(20)യാണ് മരിച്ചവരിലൊരാള്‍. ഇയാളെ കുമ്പള ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റും.
അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ ആറുപേരെ മംഗളൂരുവിലും രണ്ടുപേരെ കുമ്പളയിലും ചികില്‍സയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. പൊട്ടിത്തെറിയില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ജനല്‍ച്ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു.
സംഭവത്തില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഫാക്ടറീസ് ആന്‍ഡ് ബോയില്‍ വകുപ്പിനോട് നല്‍കാനാണ് നിര്‍ദേശിച്ചത്. അന്വേഷണ റിപോര്‍ട്ട് ലഭിച്ചശേഷമായിരിക്കും നടപടിയെന്നും കളക്ടര്‍ അറിയിച്ചു.