രണ്ടുമാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍
തളിപ്പറമ്പ്: രണ്ടുമാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കുറുമാത്തൂര്‍ പൊക്കുണ്ട് ഡെയറി പള്ളിക്കു സമീപത്തെ ഹിലാല്‍ മന്‍സില്‍ ജാബിറിന്റെ രണ്ടുമാസം പ്രായമായ മകന്‍ അമീഷ് അലന്‍ ജാബിറിന്റെ മരണത്തില്‍ മാതാവ് എം പി മുബഷിറയെയാണ് പോലിസ് അറസ്റ്റു ചെയ്തത്.
കുളിപ്പിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീണു മരിച്ചുവെന്നായിരുന്നു അന്വേഷണസംഘത്തിന് ലഭിച്ച ആദ്യമൊഴി. പിന്നീട് ചോദ്യം ചെയ്യലിനിടെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന കണ്ടെത്തലിനുപിന്നാലെയാണ് മാതാവിനെ അറസ്റ്റു ചെയ്തത്. ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് സൂചന.
തിങ്കളാഴ്ചയാണ് രണ്ടുമാസം പ്രായമായ അമീഷ് അലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍മറയും ഇരുമ്പുനെറ്റും അടച്ചുറപ്പുമുള്ള വീട്ടുകിണറ്റിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ സ്ഥലവും പരിസരവും പോലിസ് നിരീക്ഷണത്തിലായിരുന്നു. കുട്ടിയെ കിണറ്റിലേക്കെറിയാനുള്ള കാരണം വ്യക്തമല്ലെന്ന് പോലിസ് അറിയിച്ചു.