കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗണ്‍സിലര്‍ അറസ്റ്റില്‍

പി പി രാജേഷിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്

Update: 2025-10-18 10:35 GMT

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ പിടികൂടി. സംഭവത്തില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ പി പി രാജേഷ് അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.

അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന സമയത്താണ് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തത്. വീടിന്റെ മുന്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നാട്ടുകാര്‍ വന്നപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ആരാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. അതില്‍ നിന്നാണ് നാലാം വാര്‍ഡ് കൌണ്‍സിലറായ പി പി രാജേഷിലേക്കെത്തിയത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് പോലിസ് നല്‍കുന്ന വിവരം. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പോലിസ് പ്രതിയെ പിടികൂടിയത്. 

കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം പി രാജേഷ്  പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിന് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.

Tags: