ഇടുക്കിയില്‍ ശക്തമായ മഴ; മുല്ലപ്പെരിയാര്‍ ഡാം തുറന്നു

Update: 2025-10-18 05:10 GMT

കുമളി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ മൂന്നുമണിക്ക് ഡാമിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. എട്ടുമണിക്ക് ഷട്ടറുകള്‍ തുറക്കുമെന്ന് അറയിച്ചിരുന്നെങ്കിലും ഒമ്പതുമണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഹൈഡ്രോളിക് പ്രൊജക്ടിന്റെ ഭാഗമായ കല്ലാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇടുക്കിയില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. തൊടുപുഴ, ഇടുക്കി, നെടുംങ്കണ്ടം, കുമളി മേഖലയില്‍ മഴ ശക്തമാണ്. വണ്ടിപ്പെരിയാര്‍ കക്കി കവലയില്‍ വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ വീടുകളില്‍ നിന്നുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. തോട് കര കവിഞ്ഞതിന്നെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോര്‍മിറ്ററി ബില്‍ഡിങ്ങിലേക്ക് മാറ്റി. കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം ഉയര്‍ന്നിട്ടുണ്ട്. പാറക്കടവില്‍ ഏലക്ക സ്റ്റോര്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. ബാലഗ്രാമിലും നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

ഇതിനിടെ നെടുങ്കണ്ടം തൂക്കുപാലം മേഖലകളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒലിച്ചു പോയി. സ്‌കൂട്ടറും കാറുമാണ് ഒലിച്ചു പോയത്. നെടുങ്കണ്ടം താന്നിമൂട് മേഖല ഒറ്റപ്പെട്ടു. മേഖലയിലേക്കുള്ള റോഡുകളില്‍ അഞ്ച് അടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്. നെടുങ്കണ്ടം- കമ്പം അന്തര്‍ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. കൂട്ടാറില്‍ ട്രാവലര്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. മുണ്ടിയെരുമയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മേഖലയില്‍ നിന്നും മാറ്റുകയാണ്. ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ നിലം പതിച്ചു.