അധ്യാപികമാര്‍ക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികള്‍ക്ക്? ഹിജാബ് വിവാദത്തില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്
പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിനിടെ ഫേസ്ബുക്കില്‍ കുറിപ്പ്
തൃശൂര്‍: പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂളില്‍ വിദ്യാര്‍ഥിനികള്‍ക്ക് തട്ടം നിരോധിച്ച നടപടിയില്‍ പ്രതികരണവുമായി ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. അധ്യാപികമാര്‍ക്കില്ലാത്ത നിബന്ധന എന്തിന് കുട്ടികള്‍ക്കെന്ന് അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദിക്കുന്നു. കഴുത്തില്‍ കുരിശുമാല, നെറ്റിയില്‍ കുങ്കുമം, കയ്യില്‍ ഏലസ് ഒക്കെ നിരോധിക്കുമോ എന്നും അദ്ദേഹം എഴുതി.
കഴിഞ്ഞ ദിവസമാണ് സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ കുട്ടിയെ സ്‌കൂള്‍ മാനേജ്മെന്റ് വിലക്കിയത്. ഇതിനുപിന്നാലെ കുടുംബം പരസ്യമായി സ്‌കൂളിനെതിരെ രംഗത്ത് വന്നിരുന്നു. വിഷയം സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുകയും ചെയ്തു.
ശിരോവസ്ത്രം ധരിച്ചതിന് സ്‌കൂളില്‍ മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ സ്‌കൂള്‍ ഡയറിയില്‍ നിഷ്‌കര്‍ഷിക്കുന്ന യൂണിഫോം ധരിക്കാത്തതിനാലാണ് നടപടിയെടുത്തതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം. ഇതിനെ തുടര്‍ന്ന് ഇന്നും നാളെയും സ്‌കൂളിന് അവധി നല്‍കിയിരിക്കുകയാണ് പ്രിന്‍സിപ്പള്‍.