റിമാന്‍ഡ് പ്രതികള്‍ കോടതിമുറ്റത്തുവച്ച് പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു
മൂവാറ്റുപുഴ: റിമാന്‍ഡ് പ്രതികള്‍ കോടതിമുറ്റത്തുവച്ച് പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ഒന്നരലക്ഷം രൂപ വിലവരുന്ന ചെമ്പ് കോയിലുകളും പിച്ചളയും മോഷ്ടിച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത അതിഥി തൊഴിലാളികളായ പ്രതികള്‍ കോടതിവളപ്പില്‍ പോലിസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി. ഒരാളെ മണിക്കൂറുകള്‍ക്കുശേഷം പിടികൂടി. വാഴക്കുളം പോലിസ് പിടികൂടിയ ബംഗാള്‍ ചാര്‍ മുന്‍ഷിപ്പാറ സ്വദേശികളായ ശ്രീമന്ദ് മണ്ഡല്‍(22), സനത് മണ്ഡല്‍(22)എന്നിവരാണ് മൂവാറ്റുപുഴ കോടതിമുറ്റത്ത് പോലിസ് ജീപ്പില്‍ കയറ്റുന്നതിനിടെ വൈകീട്ട് 6.30ഓടെ ഓടിപ്പോയത്. ഇതില്‍ ശ്രീമന്ദ് മണ്ഡലിനെ പുഴയ്ക്ക് അക്കരെ വെള്ളൂര്‍ക്കുന്നം മേള ഓഡിറ്റോറിയത്തിനു സമീപത്തുനിന്ന് രാത്രി 7.30ന് പിടികൂടി. സനത് മണ്ഡലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.
ജയിലിലേക്ക് കൊണ്ടുപോകാനായി കോടതിയില്‍ നിന്നിറക്കി ജീപ്പിലേക്കു കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് പ്രതികള്‍ ഓടി രക്ഷപ്പെട്ടത്. കോടതിയുടെ മുന്‍വശത്തെ റോഡ് മുറിച്ചുകടന്ന് എതിര്‍വശത്തുള്ള കെട്ടിടത്തിനിടയിലൂടെ പുഴയോരത്തേക്കാണ് ഓടിയത്. ഒക്ടോബര്‍ 15ന് രാത്രി വാഴക്കുളം ടൗണില്‍ കല്ലൂര്‍ക്കാട് ജങ്ഷനിലെ എഎംവി ഓള്‍ഡ് മെറ്റല്‍ എന്ന സ്ഥാപനത്തിന്റെ മേല്‍ക്കൂര മുറിച്ചുകയറി എട്ടു ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന 200 കിലോ ചെമ്പ് കോയിലുകളും പിച്ചളയും കവര്‍ന്ന കേസിലാണ് പോലിസ് ഇവരെ പിടികൂടിയത്. മൂവാറ്റുപുഴയില്‍നിന്ന് പിടികൂടിയ പ്രതികളെ വാഴക്കുളം സ്റ്റേഷനിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ട് മൂവാറ്റുപുഴ കോടതിയില്‍ കൊണ്ടുവരുകയായിരുന്നു.
