'മക്കള്‍ പുതിയ സ്‌കൂളിലേക്ക്, അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്': ഫേസ്ബുക്ക് കുറിപ്പുമായി ശിരോവസ്ത്ര വിലക്കു നേരിട്ട കുട്ടിയുടെ പിതാവ്

Update: 2025-10-29 04:34 GMT

കൊച്ചി: അന്തസ് ഉയര്‍ത്തിപ്പിടിച്ച് മക്കള്‍ പുതിയ സ്‌കൂളിലേക്ക് പോകുകയാണെന്ന് സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ പിതാവ് അനസ്. അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണ് പോകുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അനസ് പറയുന്നു.

പ്രതിസന്ധി ഘട്ടത്തില്‍, ആള്‍ക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിന്‍ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവന്‍ ആളുകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അനസ് കുറിച്ചു. കുട്ടിയെ ഇനി സ്‌കൂളിലേക്ക് വിടില്ലെന്ന് പിതാവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നുമാണ് പിതാവ് പറഞ്ഞത്. വിഷയം കോടതിയിലെത്തുകയും ചെയ്തിരുന്നു.

പേടിയും പനിയും വന്ന് മകള്‍ മാനസികമായി വലിയ ബുദ്ധിമുട്ടിലാണെന്ന് നേരത്തെ അനസ് പറഞ്ഞിരുന്നു. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കുള്‍പ്പെടെ താന്‍ പരാതി നല്‍കുകയും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും ഹിജാബ് ധരിച്ച് പോകാന്‍ മാനേജ്മെന്റ് അനുവദിച്ചില്ലെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്.

ആഴ്ചകള്‍ക്കു മുമ്പാണ് സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ സ്‌കുള്‍ അധികൃതര്‍ വിലക്കിയത്. ഇതിനുപിന്നാലെ കുടുംബം പരസ്യമായി സ്‌കൂളിനെതിരേ രംഗത്തു വരികയും വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയും കോടതിയും ഇടപെടുകയും ചെയ്തിരുന്നു.