ശിരോവസ്ത്ര വിലക്ക്; സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍
കൊച്ചി: ശിരോവസ്ത്ര വിലക്കില്‍ വീണ്ടും പ്രതികരണവുമായി പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. സ്‌കൂള്‍ നിയമം പാലിച്ച് വിദ്യാര്‍ഥിനി വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ തയാറാണെന്ന് പ്രിന്‍സിപ്പല്‍ ഹെലീന ആല്‍ബി പറഞ്ഞു. കുട്ടിയെ പൂര്‍ണമനസ്സോടെ സ്വീകരിക്കും. പാഠ്യപദ്ധതികള്‍ക്ക് പുറമെ സാംസ്‌കാരിക മൂല്യങ്ങള്‍ കൂടി പഠിപ്പിക്കുന്ന സ്‌കൂളാണിതെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടു.
കോടതിയുടെ മുന്നിലിരിക്കുന്ന പല വിഷയങ്ങള്‍ക്കും ഇപ്പോള്‍ മറുപടി നല്‍കുന്നില്ല. കോടതിയെയും സര്‍ക്കാരിനേയും എന്നും ബഹുമാനിച്ചാണ് മുന്നോട്ടുപോവുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. വിഷയത്തില്‍ സ്‌കൂളുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളൊന്നും വേണ്ടെന്നു പറഞ്ഞ പ്രിന്‍സിപ്പല്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
'കേരള ഹൈകോടതിക്കും അഭിഭാഷകയ്ക്കും നന്ദി. വിദ്യാഭ്യാസ മന്ത്രിയും സെക്രട്ടറിയും ആദ്യദിനങ്ങളില്‍ വിഷയങ്ങള്‍ അന്വേഷിച്ചറിഞ്ഞിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സഹായമില്ലാതെ ഒരു സ്‌കൂളിനും മുന്നോട്ടുപോകാനാകില്ല. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് വിദ്യാഭ്യാസ മന്ത്രിക്ക് നന്ദി. എറണാകുളം എംപി ഹൈബി ഈഡനും എംഎല്‍എ കെ ബാബുവിനും ഷോണ്‍ ജോര്‍ജിനും നന്ദി'- പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
വിലക്ക് നേരിട്ട വിദ്യാര്‍ഥിനി ആ സ്‌കൂളിലേക്ക് ഇനിയില്ലെന്നും കുട്ടിക്ക് സ്‌കൂളില്‍ തുടരാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. മകള്‍ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ പോകുമ്പോള്‍ അതേപോലെ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ പറയുന്നത് അവളുടെ വസ്ത്രധാരണം മൂലം കുട്ടികള്‍ക്ക് ഭീതിയും ഭയവുമാണെന്നാണ്. അങ്ങനെ പറയുന്ന സ്‌കൂളില്‍ ഇനി മകളെ വിടാനാവില്ലെന്നും പിതാവ് പറഞ്ഞിരുന്നു.
വിദ്യാര്‍ഥിനി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. കുട്ടിയെ വിളിച്ച് ആ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ആവശ്യമില്ല. സ്‌കൂളിന് മാന്യമായി പ്രശ്‌നം പരിഹരിക്കാന്‍ സാഹചര്യമുണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് നില്‍ക്കുന്ന അധ്യാപികയാണ് വിദ്യാര്‍ഥിനി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസം.
ദിവസങ്ങള്‍ക്ക് മുമ്പാണ് സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ വിലക്കിയത്. ഇതിനുപിന്നാലെ കുടുംബം പരസ്യമായി സ്‌കൂളിനെതിരേ രംഗത്തു വന്നിരുന്നു. വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി ഇടപെടുകയും ചെയ്തിരുന്നു.

