വൈദികന്റെ പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം

Update: 2018-10-23 04:30 GMT
ജലന്ധര്‍: ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷമെന്ന് പോലിസ്. ആലപ്പുഴയില്‍ നിന്ന് ബന്ധുക്കള്‍ ഇന്ന് 11 മണിയോടെ ജലന്ധറിലെത്തും. തുടര്‍ന്ന് ബന്ധുക്കളുമായി അധികൃതര്‍ ചര്‍ച്ച നടത്തും.ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം എവിടെ നടത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് ജലന്ധര്‍ രൂപത അറിയിച്ചു.



കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ കേരള പോലിസിന്റെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയ മുതിര്‍ന്ന വൈദികന്‍ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ തിരിഞ്ഞ ഫാ. കുര്യാക്കോസ് കാട്ടുതറയെ നേരത്തേ ഭാഗ്പൂര്‍ ഇടവകയുടെ ചുമതലയില്‍ നിന്നു നീക്കിയിരുന്നു. ഹൊസിയാര്‍പൂരിലെ ദസ്വയിലെ സെന്റ് പോള്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള പള്ളിയിലെ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കുന്ന ചുമതലയാണ് ഫാ. കുര്യാക്കോസ് വഹിച്ചിരുന്നത്. അതേസമയം, വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഫാ. കുര്യാക്കോസ് കാട്ടുതറയുടെ സഹോദരന്‍ ജോയ് ആരോപിച്ചു. കുര്യാക്കോസ് കാട്ടുതറയെ ഫ്രാങ്കോ മുളയ്ക്കല്‍ നിരന്തരം പീഡിപ്പിച്ചിരുന്നു.
വാഹനവും വീടും നേരത്തേ ആക്രമിച്ചിരുന്നു.എന്നാല്‍, ഫാ. കുര്യാക്കോസിന്റേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹൊഷിയാര്‍പൂര്‍ എസ്പി പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കി. ഇവരുടെ പരിശോധനയ്ക്കുശേഷം അന്തിമ നിഗമനത്തിലെത്തും. ബന്ധുക്കളുടെ മൊഴിയെടുക്കും. മുറിയില്‍ ആരെങ്കിലും അതിക്രമിച്ചുകടന്നതിന് തെളിവില്ലെന്നും എസ്പി ജെ ഇളഞ്‌ജെഴിയന്‍ പറഞ്ഞു.

Similar News