മഠത്തില്‍ ചേര്‍ന്ന കാലത്ത് വൈദികനില്‍ നിന്ന് പീഡനശ്രമമുണ്ടായെന്ന് ദയാബായി

Update: 2018-09-18 09:13 GMT


കോട്ടയം: ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം വാര്‍ത്തകളില്‍ നിറയവെ തനിക്കുണ്ടായ സമാനമായ അനുഭവം വിവരിച്ച് സാമൂഹിക പ്രവര്‍ത്തക ദയാബായി. കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേര്‍ന്ന കാലത്ത് വൈദികനില്‍ നിന്ന് പീഡനശ്രമമുണ്ടായി എന്നാണ് ദയാബായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയത്. പ്രായത്തില്‍ മുതിര്‍ന്ന,വളരെയധികം ബഹുമാനിച്ച ഒരു വ്യക്തിയില്‍നിന്നാണ് തനിക്ക് മോശം അനുഭവമുണ്ടായത് എന്നും സംഭവിച്ചതിനെക്കുറിച്ച് മഠത്തില്‍ ആരോടും ഒന്നും പറയാന്‍ കഴിയില്ലായിരുന്നു എന്നും അവര്‍ പറഞ്ഞു.
തനിച്ചായ സാഹചര്യത്തില്‍ വൈദികനായ ഒരാള്‍ കടന്നുപിടിക്കുകയായിരുന്നു. കുതറി രക്ഷപ്പെട്ട തന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു.
ഇത്തരമൊരു സംഭവം തുടര്‍ന്നും ഉണ്ടാകുമോയെന്നായിരുന്നു പേടി. അതുണ്ടാകാതിരിക്കാന്‍ ശരീരത്തില്‍ മെഴുകുതിരി ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുമായിരുന്നു. മുറിവുകള്‍ വ്രണമാകുമ്പോഴെങ്കിലും തന്നെ വെറുതെ വിടുമല്ലോ എന്നു കരുതിയായിരുന്നു ഇത്. നിര്‍ബന്ധങ്ങള്‍ പ്രതിരോധിച്ചപ്പോള്‍ ചില കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മാനസികമായി പീഡിപ്പിച്ചുവെന്നും ദയാബായി വെളിപ്പെടുത്തി.
കുറവിലങ്ങാട്ടെ കന്യാസ്ത്രീ 13 തവണ പീഡിപ്പിക്കപ്പെട്ടപ്പോഴും എന്തുകൊണ്ടു പറഞ്ഞില്ലെന്നെ ആരോപണത്തിന് മറുപടിയായി തന്റെ സാഹചര്യം ദയാബായി വിവരിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ആരോടും അങ്ങനെ പറയാന്‍ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. മഠത്തിലാണെങ്കിലും അതിന് അനുകൂലമായ അവസ്ഥയുണ്ടായിരിക്കില്ല. കുമ്പസാരക്കൂട്ടില്‍ പോലും ഇത്തരം അനുഭവങ്ങള്‍ നമുക്ക് വെളിപ്പെടുത്താന്‍ സാധിക്കില്ല. തനിക്കെതിരെയുണ്ടായ അനുഭവം പോലും വര്‍ഷങ്ങള്‍ക്കുശേഷമാണ് പുറത്തുപറയാന്‍ സാധിച്ചത്.
ഇപ്പോള്‍ കന്യാസ്ത്രീകളില്‍ ചിലര്‍ പ്രതിഷേധിക്കാന്‍ സന്നദ്ധമായതില്‍ സന്തോഷമുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസില്‍ സഭയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലെന്നും നിയമവും സത്യവും ജയിക്കണമെന്നാണ് അഭിപ്രായമെന്നും അവര്‍ വ്യക്തമാക്കി.

Similar News