സിനിമയിലും ബീഫ് ബിരിയാണിക്ക് വിലക്ക്; 'ഹാല്‍' സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും പര്‍ദ്ദയിട്ട് ഡാന്‍സ് കളിക്കുന്നതും ഒഴിവാക്കണം തുടങ്ങി 15 നിര്‍ദേശങ്ങള്‍

Update: 2025-10-09 16:12 GMT

കൊച്ചി: സിനിമയില്‍ ബീഫ് ബിരിയാണിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന 'ഹാല്‍' ചിത്രത്തിനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍(സിബിഎഫ്സി)സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ഷെയ്ന്‍ നിഗം നായകനാകുന്ന 'ഹാല്‍' സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം തുടങ്ങി 15 നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

ഇതിന് വിചിത്രമായ കാരണങ്ങളാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കളായ ജെവിജെ പ്രൊഡക്ഷന്‍സ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. ഡയലോഗുകളും സീനുകളും വെട്ടാന്‍ നിര്‍ദ്ദേശിച്ചതായി ഹരജിയില്‍ പറയുന്നു. സിനിമയില്‍ നായിക ഒരു റാപ്പ് സോങ്ങിന്റെ ഭാഗമായിട്ട് പര്‍ദ്ദയിട്ട് ഡാന്‍സ് കളിക്കുന്ന സീന്‍ കട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. സിനിമയില്‍ ന്യൂഡിറ്റിയോ വയലന്‍സോ ഒന്നുമില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

സിനിമയിലൂടെ നല്ലൊരു സന്ദേശം നല്‍കാനാണ് ശ്രമിച്ചത്, സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്, എന്നാല്‍ ഒരു മതത്തിനെയോ രാഷ്ട്രീയപാര്‍ട്ടികളെയോ അപമാനിച്ചിട്ടില്ല-അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രമാണിത്. ബോളിവുഡിലെ ശ്രദ്ധേയ ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

Tags: