ഡല്‍ഹി ജമാ മസ്ജിദ് തകര്‍ച്ച ഭീഷണിയിലായിട്ടും ഗൗനിക്കാതെ ഭരണകൂടം

1650- 1656 കാലഘട്ടത്തിലാണ് മുഗള്‍ സാമ്രാജ്യത്തിന്റ തലസ്ഥാനമായ ഷാജാഹാനാബാദില്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം ജമാ മസ്ജിദ് പണികഴിപ്പിച്ചത്

Update: 2021-12-06 06:56 GMT

ന്യൂഡല്‍ഹി: അഞ്ചു നൂറ്റാണ്ട് പഴക്കമുള്ള ഡല്‍ഹി ജമാ മസ്ജിദ് തകര്‍ച്ച ഭീഷണിയിലായിട്ടും ഗൗനിക്കാതെ ഭരണകൂടം. രാജ്യ തലസ്ഥാനത്ത് നൂറ്റാണ്ടുകള്‍ നീണ്ട മുസ്‌ലിംഭരണത്തിന്റെയും സഹവര്‍ത്തിത്വ ജീവിതത്തിന്റെയും ഒളിമങ്ങാത്ത അടയാളമാണ് ഡല്‍ഹി ജമാ മസ്ജിദ്. ചെങ്കോട്ടയില്‍ നിന്ന് ഒരു വിളിപ്പാടകലെയാണ് ചരിത്ര പൈതൃകത്തിന്റെ മിനാരങ്ങളുമായി ഡല്‍ഹിക്കാരുടെ ജമാ മസ്ജിദ് നിലകൊള്ളുന്നത്. 'മസ്ജിദേ ജഹാനുമാ' അഥവാ ലേകത്തെ പ്രതിഫലിപ്പിക്കുന്ന മസ്ജിദ് എന്നാണ് പള്ളിയുടെ യഥാര്‍ഥ പേര്. 1650- 1656 കാലഘട്ടത്തിലാണ് മുഗള്‍ സാമ്രാജ്യത്തിന്റ തലസ്ഥാനമായ ഷാജാഹാനാബാദില്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം ജമാ മ്ജിദ് പണികഴിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ആരാധനാലയമായാണ് ഇത് കണക്കാക്കപ്പെടുന്നത്.


വേണ്ട വിധം സംരക്ഷിക്കാതെ അലംഭാവം കാണിക്കുന്നതിനാല്‍ മഴയില്‍ ചോര്‍ന്നൊലിക്കുന്ന തരത്തില്‍ മസ്ജിദിന്റെ മേല്‍ക്കൂരകളിലും താഴികക്കുടങ്ങളിലും വലിയ വിള്ളലുണ്ടായിരിക്കുകയാണ്. മിനാരത്തില്‍ നിന്ന് പലപ്പോഴും കല്ലുകളും അടര്‍ന്നുവീഴുന്നു. ഇവ പുനരുദ്ധരിക്കാന്‍ അടിയന്തര സാമ്പത്തിക സഹായത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും അറ്റകുറ്റപണി നടത്തേണ്ട കേന്ദ്ര സര്‍ക്കാറും പുരാവസ്തു വകുപ്പും ഇതുവരെയും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. മസ്ജിദിന്റെ താഴികക്കുടങ്ങളടക്കം അപകടനിലയിലാണെന്ന് മനസ്സിലാക്കി ശാഹി ഇമാം അഹ്മദ് ബുഖാരി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അമാനതുല്ലാ ഖാനും എന്‍ജിനീയര്‍മാരും പരിശോധന നടത്തിയിരുന്നു. ദിനേന നൂറുകണക്കിന് സന്ദര്‍ശകള്‍ എത്തുന്ന സ്ഥലമാണിത്. മസ്ജിദിന്റെ പല ഭാഗങ്ങളും അടര്‍ന്നുവീഴുന്നത് വിദേശികള്‍ അടക്കമുള്ള സന്ദര്‍ശകരെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പും ശാഹി ഇമാം നല്‍കി. പുനരുദ്ധാരണത്തിനും പരിപാലനത്തിനും കേന്ദ്ര സര്‍ക്കാറും പുരാവസ്തു വകുപ്പും ബാധ്യസ്ഥരാണ്. പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് അഖിലേന്ത്യ മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവൈദ് ഹാമിദാണ് കത്തെഴുതിയത്. മിനാരത്തിന്റെയും താഴികക്കുടങ്ങളുടെയും മേല്‍ക്കൂരയുടെയും ഭാഗങ്ങള്‍ അടര്‍ന്നുവീഴാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കത്ത് എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.


ജമാ മസ്ജിദ് ദേശീയ പൈതൃകം മാത്രമല്ല, വിദേശ രാജ്യങ്ങളുടെ ഭരണാധികാരികളും പ്രതിനിധികളും പതിവായി വരാറുള്ള ആരാധനാലയം കൂടിയാണെന്ന് നവൈദ് ഹാമിദ് കത്തില്‍ ചൂണ്ടിക്കാട്ടി. 1956 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ആണ് ജുമാ മസ്ജിദിന്റെ കാര്യത്തില്‍ തീരുമാനങ്ങളെടുത്തുവരുന്നത്. ജുമാ മസ്ജിദിന്റെ എല്ലാ അറ്റകുറ്റപണികളും തീര്‍ത്ത് നവീകരിച്ച് പ്രൗഢി നിലനിര്‍ത്താനുള്ള മുഴുവന്‍ ചെലവും വഹിക്കാമെന്ന് സൗദി അറേബ്യന്‍ ഭരണകൂടം 2004ല്‍ വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍, ജുമാ മസ്ജിദിന്റെ വൈകാരിക പശ്ചാത്തലം കൂടി കണക്കിലെടുത്ത് ഈ വാഗ്ദാനം നിരസിക്കുകയാണ് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് നവൈദ് ഹാമിദ് ഓര്‍മിപ്പിച്ചു. പുനരുദ്ധാരണത്തിനും നവീകരണത്തിനും 100 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും നവൈദ് ആവശ്യപ്പെട്ടു.

Tags:    

Similar News