ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകരുതായിരുന്നുവെന്ന് സിഎസ്‌ഐ സഭയുടെ ബിഷപ്പ്

Update: 2018-09-15 11:17 GMT


കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകരുതായിരുന്നെന്ന് സിഎസ്‌ഐ സഭ ബിഷപ്പ് തോമസ് കെ ഉമ്മന്‍. ആരും നിയമത്തിന് അതീതരല്ലെന്നും ആവശ്യമെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതയുടെ ചുമതലകള്‍ കൈമാറി. അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടിസ് നല്‍കിയ സാഹചര്യത്തിലാണ് അദ്ദേഹം ചുമതലകള്‍ കൈമാറിയതെന്നാണ് വിവരം. 19 ന് രാവിലെ 10 ന് അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകണമെന്നാണ് ബിഷപ്പിന് നല്‍കിയിരിക്കുന്ന നോട്ടിസ്. അതേസമയം, ബിഷപ്പിനെ എവിടെ വച്ചാണ് ചോദ്യം ചെയ്യുന്നതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചോദ്യം ചെയ്യലിനായി ചോദ്യാവലി തയ്യാറാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.