പണം വെച്ച് ചീട്ടുകളി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം എട്ടു പേര്‍ അറസ്റ്റില്‍

Update: 2018-09-30 18:30 GMT


ചാവക്കാട്: മേഖലയില്‍ രണ്ടിടത്ത് പണം വെച്ച് ചീട്ടുകളി. സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം എട്ടു പേര്‍ അറസ്റ്റില്‍. ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. അവിയൂര്‍ പാടത്തും നിന്നും തിരുവത്രയിലെ ആഢംബര വീട്ടില്‍ നിന്നുമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. അവിയൂര്‍ പാടത്തും പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്‍, അലി, ഷെക്കീര്‍, നസീഫ് എന്നിവരെ വടക്കേകാട് എസ്‌ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും തിരുവത്രയിലെ ആഢംബര വീട്ടില്‍ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന ചാവക്കാട് സ്വദേശികളായ റഫീക്ക്, കുഞ്ഞുമുഹമ്മദ്, റസാക്ക്, അബ്ദുല്ലകുട്ടി എന്നിവരെ ചാവക്കാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍, എസ്‌ഐ കെ ജി ജയപ്രദീപ്, എഎസ്‌ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവുമാണ് അറസ്റ്റ് ചെയ്തത്. വന്‍തുക വെച്ച് ചീട്ടു കളിക്കുന്നുവെന്ന രഹസ്യം വിവരത്തെ തുടര്‍ന്നാണ് പോലിസ് രണ്ടിടത്തുമെത്തിയത്. തിരുവത്രയിലെ വീടിന്റെ ഗേറ്റിന്റെ പുറത്ത് 'നായയുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡ് വെച്ചിരുന്നുവെങ്കിലും നായ ഉണ്ടായിരുന്നില്ല. വീടിനു ചുറ്റും ആറടിയോളം ഉയരമുള്ള മതിലാണ് ഉണ്ടായിരുന്നത്. മതില്‍ ചാടികടന്നാണ് പോലിസ് അകത്തു കടന്നത്. ശീതീകരിച്ച മുറിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ചീട്ടുകളി നടന്നിരുന്നത്. മേഖലയില്‍ പലയിടത്തും ഇത്തരത്തില്‍ പണം വെച്ചു ചീട്ടുകളി വ്യാപകമാണെന്ന പരാതി ഉയര്‍ന്നിരുന്നു.

Similar News