സര്‍ക്കാര്‍ പരസ്യം നിഷേധിച്ചു: ബംഗാളില്‍ സിപിഐ മുഖപത്രം അടച്ചുപൂട്ടുന്നു

Update: 2018-10-26 16:31 GMT


 

കൊല്‍ക്കത്ത: സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സിപിഐയുടെ ബംഗാളിലെ മുഖപത്രമായ 'കാലാന്തര്‍' അടുത്ത മാസം മുതല്‍ പ്രസിദ്ധീകരണം നിര്‍ത്തുന്നു. നവംബര്‍ ഒന്ന് മുതല്‍ പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്വപന്‍ ബാനര്‍ജി അറിയിച്ചു. സര്‍ക്കാര്‍ പരസ്യം നല്‍കി കൊണ്ടിരുന്ന പത്രത്തിന് 2011 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പരസ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും പരസ്യം നിഷേധിച്ചു. ഇപ്പോള്‍ പരസ്യമില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതോടെയാണ് 50 വര്‍ഷമായി പ്രസിദ്ധീകരിക്കുന്ന പത്രം പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് സ്വപന്‍ ബാനര്‍ജി പറഞ്ഞു. അതേസമയം, പത്രം പുനപ്രസിദ്ധീകരണം ആരംഭിക്കുന്നത് വരേ ഇതേ പേരില്‍ ദൈ്വവാരിക പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്ന് സിപിഐ വൃത്തങ്ങള്‍ അറിയിച്ചു.
1965 ല്‍ വാരികയായി പ്രസിദ്ധീകരണം ആരംഭിച്ച കാലന്തര്‍ 1966 മുതലാണ് ദിനപത്രമായത്. മുമ്പ് സാമ്പത്തിക ബാധ്യത കാരണം രണ്ടു തവണ പത്രം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി. നേരത്തേ പത്രം നിര്‍ത്തിവച്ചിരുന്നുവെങ്കിലും പിന്നീട് തുറന്നു പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം, സര്‍ക്കാരിന്റെ ബജറ്റ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ച ശേഷമാണ് പത്രങ്ങള്‍ക്ക് പരസ്യം നല്‍കുന്നതെന്ന് വാര്‍ത്താവിതരണ-സാംസ്‌കാരിക വകുപ്പിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരസ്യം നല്‍കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും അദ്ദേഹം പറഞ്ഞു.

Similar News