ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; ഹോം സെക്രട്ടറിമാരെ ഹാജരാക്കണമെന്ന് സുപ്രീംകോടതി

Update: 2018-09-07 08:39 GMT


ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും തുടരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി കടുത്ത നടപടികളിലേക്ക്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി അന്ത്യശാസനം നല്‍കി. ഒരാഴ്ച്ചയ്ക്ക് അകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ അതത് സംസ്ഥാനങ്ങളുടെ ഹോം സെക്രട്ടറിമാര്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
ജൂലൈ 17ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സംസ്ഥാനങ്ങള്‍ ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ സ്വീകരിക്കണ്ടേ നടപടികള്‍ വ്യക്തമാക്കി മാര്‍ഗ നിര്‍ദ്ദേശം ഓഗസ്റ്റ് 28നകം സമര്‍പ്പിക്കണമെന്നും അറിയിച്ചിരുന്നു. എന്നാല്‍ 11 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്.
ജൂലൈ 20ന് രാജസ്ഥാനില്‍ രഖ്ബര്‍ ഖാന്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാല നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കോടതിയലക്ഷ്യമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ കാണിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം.
ആള്‍ക്കൂട്ട അക്രമത്തിനെതിരെ നിയമം കൊണ്ടുവരാനായി ഒരു സംഘം മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ജൂലൈ 17ന് പുറപ്പെടുവിച്ച വിധിയിലാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് അക്രമം തടയാന്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്.