'ചാണക സോപ്പ്', ഗോമൂത്ര ഫേസ് പായ്ക്ക്'; ആമസോണില്‍ ആര്‍എസ്എസ് സ്ഥാപനം

Update: 2018-09-19 09:15 GMT


ന്യൂഡല്‍ഹി: ആര്‍എസ്എസ് ക്യാംപുകള്‍ വഴിയും ശാഖകളിലൂടെയും വില്‍പ്പന നടത്തിയിരുന്ന ചാണകം അടങ്ങിയ സോപ്പ്, ഗോമൂത്രത്തില്‍ നിന്നുള്ള ഫേസ് പായ്ക്കും ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താനൊരുങ്ങി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനം. ആമസോണ്‍ അടക്കമുള്ള വെബ്‌സൈറ്റുകളിലൂടെയാണ് ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാനാണ് ശ്രമം. ഉത്തര്‍പ്രദേശിലെ മഥുര ആസ്ഥാനമായി ആര്‍എസ്എസ് നടത്തുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനമാണ് ചാണകത്തില്‍ നിന്നുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും മരുന്നുകളും തുണിത്തരങ്ങളും ഓണ്‍ലൈനിലൂടെ വിറ്റഴിക്കാന്‍ തയാറെടുക്കുന്നത്. ആര്‍എസ്എസ് ക്യാംപുകളും ശാഖകള്‍ വഴിയും ഉപഭോക്താക്കളെ കണ്ടെത്തിയിരുന്ന സ്ഥാപനം കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനാണ് ഓണ്‍ലൈന്‍ കച്ചവടത്തിന് തയ്യാറെടുക്കുന്നത്.
ഉല്‍പന്നങ്ങളുടെ അടിസ്ഥാന ഘടകം ചാണകവും ഗോമൂത്രവുമാണെന്നും മറ്റു രാസവസ്തുക്കളൊന്നും ഇതില്‍ ചേര്‍ക്കുന്നില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. സ്ഥാപനത്തിന്റെ തന്നെ ഗോശാലയില്‍നിന്നാണ് ഗോമൂത്രവും ചാണകവും ശേഖരിക്കുന്നത്. 90 പശുക്കളും പശുക്കിടാങ്ങളുമുള്ള ഗോശാലയില്‍ പത്തു ജീവനക്കാരാണുള്ളത്.
പ്രാദേശിക തലത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ വില്‍പനയിലേക്കു കടക്കുന്നതെന്ന് സ്ഥാപനത്തിന്റെ വക്താവ് അരുണ്‍ കുമാര്‍ പറഞ്ഞു. പ്രതിമാസം ഒരു ലക്ഷം രൂപയുടെ മരുന്നുകളും മൂന്നു ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങളും ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. നിലവില്‍ സ്ഥാപനത്തിലും ആര്‍എസ്എസ് ക്യാംപുകളിലുമാണ് ഉല്‍പന്നങ്ങള്‍ പ്രധാനമായും വില്‍ക്കുന്നത്.