ചെര്‍പ്പുളശ്ശേരിയില്‍ വ്യാജ മരുന്ന് നിര്‍മ്മാണം ആരോഗ്യവകുപ്പ് പിടികൂടി

Update: 2018-10-05 12:41 GMT


ചെര്‍പ്പുളശ്ശേരി: വ്യാജ മരുന്നു നിര്‍മ്മിച്ചു വിതരണം നടത്തുന്ന വന്‍ കേന്ദ്രം ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി. ചെര്‍പ്പുളശ്ശേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്ന് ആലിയക്കുളത്തിന് സമീപം കൃത്രിമ മരുന്നു വില്പന നടത്തുന്ന വന്‍ കേന്ദ്രം കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഈ കേന്ദ്രം കണ്ടെത്താനായത്. ആന്ധ്ര സ്വദേശിയുടെതാണ് ഈ കേന്ദ്രം. ഇയാളെ പിടികൂടാനായില്ല. പത്തോളം പേര്‍ ഈ സംഘത്തിലുണ്ട്. ആരോഗ്യവകുപ്പ് സംഘം പരിശോധനക്കെത്തുന്നതു കണ്ട് ഇവര്‍ വീടിന്റെ മതില്‍ ചാടി ഓടി മറിഞ്ഞു. സംഘത്തില്‍ മൂന്നു സ്ത്രീകളും ഏഴു പുരുഷന്മാരുമാണുള്ളത്. പിടിച്ചെടുത്ത മരുന്നുകള്‍ പരിശോധനക്കയക്കും. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പൊലീസും സ്ഥലത്തെത്തി. തൃക്കടീരി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.

ഒറ്റമൂലി എന്ന പേരില്‍ വിവിധ മരുന്നുകളുണ്ടാക്കി പാലക്കാട് ജില്ലയിലും അയല്‍ ജില്ലകളിലും വീടുവീടാന്തരം കൊണ്ടു നടന്നു വില്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. പ്രധാനമായും സന്ധി വേദന, മുട്ടു വേദന, വേദന സംഹാരികള്‍, ലൈംഗിക ഉത്തേജക മരുന്നുകള്‍ എന്നിവയാണ് വില്പന നടത്തുന്നത്.

നിരോധിതമായ ഇംഗ്ലീഷ് മരുന്നുകള്‍ പൊടിച്ചു ചേര്‍ത്താണ് ഈ ഒറ്റമൂലി നിര്‍മാണം. നിര്‍മാണത്തിനുള്ള പല മരുന്നുകളും ഇവിടെനിന്നും കണ്ടെത്തി.
സംഭവം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ അടുത്ത കാലത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വ്യാജമരുന്നു നിര്‍മ്മാണ കേന്ദ്രം പിടികൂടുന്നത്.

Similar News