കര്‍ണാടക ഉപ തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രിയുടെ ഭാര്യയും മല്‍സര രംഗത്ത്

Update: 2018-10-15 04:29 GMT
ബംഗളൂരു: കര്‍ണാടകയിലെ രാമനഗര നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി മല്‍സരിക്കും. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പ ശിവമോഗ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ജെഡിഎസ് അറിയിച്ചു.



രാമനഗറിലോ മാണ്ഡ്യയിലോ അനിതാ കുമാരസ്വാമി മല്‍സരിക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ജെഡിഎസ് നിശ്ചയിച്ചിട്ടില്ല.ജമഖണ്ഡി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസ്സിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി ആനന്ദ് ന്യാംഗൗഡ മല്‍സരിക്കും. ബെല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടില്ല. ബെല്ലാരിയിലും ജമഖണ്ഡിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജെഡിഎസ് പിന്തുണ നല്‍കുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി അറിയിച്ചു. സംസ്ഥാനത്തെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്.

Similar News